ആലപ്പുഴ : തന്റെ വിജയിപ്പിച്ചത് അരൂരിലെ സ്ത്രീകളാണെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. പ്രസ് ക്ളബിൻെറ മുഖാമുഖത്തിൽ പങ്കെടുക്കുകയായിരുന്നു അവർ. ''ഞാൻ ജയിക്കണമെന്ന് എന്നെക്കാളും വാശി അവർക്കായിരുന്നു. പൂതന പരാമർശം എൻെറ മനസിനെ വല്ലാതെ വിഷമിപ്പിച്ചു. ഇത്തരം പരാമർശങ്ങൾ ആരോടും നടത്തരുത്. റോഡുപണിയുമായി ബന്ധപ്പെട്ട കേസും അത്തരത്തിലൊന്നാണ്. ഇരുളിൻെറ മറവിൽ നടത്തിയ വികസനത്തെയാണ് ഞാൻ തടഞ്ഞത്. എല്ലാറ്റിനെയും അന്ധമായ രാഷ്ട്രീയ കണ്ണിലൂടെ കാണരുതെന്നും ഷാനി പറഞ്ഞു.
പാർലമെൻറ് തിരഞ്ഞെടുപ്പിൽ നിന്ന് പാഠം ഉൾക്കൊണ്ട് തെറ്റുകൾ തിരുത്തി മുന്നോട്ട് പോയത് വിജയത്തിന് അനുകൂലമായി.
അരൂരിന്റെ എം.എൽ.എയാകുകയെന്നത് ദൈവനിയോഗമാണ്. പരമാവധി വോട്ടർമാരെ നേരിൽ കണ്ടു. യു.ഡി.എഫ് സംവിധാനം കുറ്റമറ്റതായി മുന്നേറുകയും ചെയ്തതോടെ വിജയം ഒപ്പമായെന്ന് ഷാനി പറഞ്ഞു. ചരിത്ര വിജയത്തിന്റെ തുടക്കം പാർലമെന്റ് തിരഞ്ഞെടുപ്പിലേ നടന്നു. അരൂരും ആലപ്പുഴയും അമ്പലപ്പുഴയും കരുനാഗപ്പള്ളിയും എനിക്ക് ഭൂരിപക്ഷം തന്നില്ലേ. അതിൻെറ തുടർച്ചയാണ് ഈ വിജയം.
സർക്കാരിൻെറ പിന്തുണയുണ്ടാകുമോ ?
ഒന്നരവർഷമേയുള്ളൂവെങ്കിലും സർക്കാരിൽ നിന്നും വേർതിരിവുണ്ടാകുമെന്ന് കരുതുന്നില്ല. എം.എൽ.എ എന്ന നിലയിൽ എല്ലാവരെയും ഒന്നിച്ചുനിറുത്തി മുന്നോട്ടുപോകും.
ഒരാഴ്ചയ്ക്കുള്ളിൽ അരൂർ മണ്ഡലത്തിന്റെ പരിധിയിലേക്ക് താമസം മാറ്റും.
ഗ്രൂപ്പിന് അതീതയാണോ?
സംഘടനാപരമായ പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് രാഷ്ട്രീയ നേതൃത്വമാണ് മറുപടി നൽകേണ്ടത്. തിരുത്തലുകൾ ഓരോ സംഘടനയിലുമുണ്ടാകും. അതു വേണ്ടതുമാണ്. ഗ്രൂപ്പുകളി ഇപ്പോൾ മറ്റുപല പാർട്ടികളിലുമാണ് നടക്കുന്നത്.
ആദ്യ മുൻഗണന
അരൂർ മണ്ഡലത്തിലെ അടിസ്ഥാന സൗകര്യവികസനങ്ങൾക്കായിരിക്കും ആദ്യ പരിഗണന. മണ്ഡലത്തിലെ വിവിധയിടങ്ങളിൽ സഞ്ചാരയോഗ്യമല്ലാത്ത റോഡുകളുണ്ട്, വീടില്ലാത്തവരുണ്ട്, ബി.പി.എൽ പരിധിയിലായിട്ടും എ.പി.എൽ ലിസ്റ്റിൽ കുടുങ്ങിക്കിടക്കുന്നവരുണ്ട്. കുടിവെള്ളക്ഷാമമുണ്ട്, മാലിന്യ സംസ്‌കരണ സംവിധാനമില്ലായ്മയുണ്ട്. ഇതിനെല്ലാം ഈ മേഖലയിലുള്ളവരുമായി ആലോചിച്ച് പദ്ധതികൾ തയാറാക്കുമെന്ന് ഷാനിമോൾ പറഞ്ഞു.
ഡി.സി.സി പ്രസിനഡന്റ് എം. ലിജുവും സന്നിഹിതനായിരുന്നു.