ambala

അമ്പലപ്പുഴ : കടൽക്ഷോഭത്തെ തുടർന്നുണ്ടായ വെള്ളക്കെട്ട് തീരവാസികൾക്ക് വിനയാകുന്നു. പുറക്കാട് പഞ്ചായത്തിലെ 17, 18 വാർഡുകളിലാണ് കഴിഞ്ഞ ദിവസം കടൽക്ഷോഭമുണ്ടായത്. കടൽക്ഷോഭത്തിന് ശമനമുണ്ടായെങ്കിലും ഇവിടെ വെള്ളക്കെട്ട് മാറിയിട്ടില്ല.

100 ഓളം കുടുംബങ്ങളാണ് ഇതുമൂലം ദുരിതത്തിലായയത്. കടൽവെള്ളവും മാലിന്യവും കലർന്ന് രൂക്ഷമായ ഗന്ധവും പരിസരമാകെയുണ്ട്.

കടൽക്ഷോഭത്തിൽ ഭാഗികമായി പല വീടുകൾക്കും നാശമുണ്ടായി. പതിനെട്ടാം വാർഡിൽ പുതുവൽ തങ്കമ്മയുടെ വീട് പൂർണമായും വാസയോഗ്യമല്ലാതായി. തങ്കമ്മയും, മകനും ബന്ധു വീട്ടിൽ അഭയം തേടിയിരിക്കുകയാണ്. ഭാഗികമായി തകർന്ന വീടുകളിൽ നിന്നും പലരും ബന്ധുവീടുകളിലേക്ക് മാറി. വെള്ളക്കെട്ട് രൂക്ഷമായതിനാൽ താമസിക്കാൻ ഏറെ ബുദ്ധിമുട്ടാണെന്നാണ് തീരവാസികൾ പറയുന്നത്.അഴിക്കകത്ത് പൊഴിയും, പിള്ളയാർ കോവിൽ പൊഴിയും തുറന്ന് വെള്ളം കടലിലേക്കൊഴുക്കിയാലേ വെള്ളക്കെട്ടിന് ശമനമാകൂ.