ആലപ്പുഴ: അരൂരിലെ പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ തലപുകയ്ക്കുകയാണ് സി.പി.എം നേതൃത്വം. 59 വർഷമായി തങ്ങളുടെ കൈയിലിരുന്ന അരൂർ മലക്കം മറിഞ്ഞത് സി.പി.എമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. സി.പി.എമ്മിൻെറ വോട്ടും ഷാനിമോൾ ഉസ്മാന് കിട്ടിയെന്ന ആരോപണം ശക്തമാണ്. ഡി.സി.സി പ്രസിഡൻറ് എം.ലിജു തന്നെ അക്കാര്യം തുറന്നടിച്ചു. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 38519 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എ.എം. ആരിഫ് വിജയിച്ച മണ്ഡലമാണ് ചുവപ്പിനെ കൈവിട്ട് കോൺഗ്രസിനൊപ്പം ചേർന്നത്. എൽ.ഡി.എഫിൻെറ പ്രധാനനേതാക്കളെല്ലാം ദിവസങ്ങളോളം തമ്പടിച്ച് പ്രചാരണം നടത്തിയിട്ടും അരൂരിലെ വോട്ടർമാർ അതൊന്നും ചെവിക്കൊണ്ടില്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലം വെളിപ്പെടുത്തുന്നത്.

 ആ അപേക്ഷകൾ എവിടെ?

കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ഷാനിമോൾ 648 വോട്ടിൻെറ ലീഡ് നേടിയപ്പോൾ അതിനെ നിസാരമായാണ് സി.പി.എം വിലയിരുത്തിയത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫും നിയമസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫും വിജയിക്കുന്ന ചരിത്രമാണുള്ളതെന്നായിരുന്നു ഇതിനെ സാധൂകരിച്ച് എൽ.ഡി.എഫ് കേന്ദ്രങ്ങൾ പറഞ്ഞിരുന്നത്. പാർലമെൻറ് തിരഞ്ഞെടുപ്പിൽ ഷാനിമോൾ ലീഡ് ചെയ്തതിൻെറ കാര്യകാരണങ്ങൾ കണ്ടെത്തി പരിഹരിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞില്ല. ഷാനിമോളാകട്ടെ അന്ന് കിട്ടിയ ലീഡ് പിടിവള്ളിയായി കണ്ട് ആഞ്ഞുപിടിച്ചു.

സ്ഥാനാർത്ഥിയെ നിർണയത്തിൽ തന്നെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിൽ രണ്ടഭിപ്രായമുണ്ടായിരുന്നു. ഭൂരിപക്ഷ സമുദായങ്ങൾക്ക് മുൻതൂക്കമുള്ള മണ്ഡലത്തിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടയാളെ സ്ഥാനാർത്ഥിയാക്കുന്നതിനെ പാർട്ടിയിലെ ഒരുവിഭാഗം എതിർത്തിരുന്നതാണ്. സ്ഥാനാർത്ഥിയാകാൻ മോഹിച്ചവരും അതിന് മുന്നിലും പിന്നിലും നിന്നവരും പാർട്ടി തീരുമാനത്തിന് മുന്നിൽ തലകുനിച്ചെങ്കിലും അവരുടെ ഉള്ളിൽ ആഗ്രഹം തലകുനിക്കാതെ നിന്നു. അടിയൊഴുക്കുകൾ അങ്ങനെ സജീവമായി ഒഴുകിയിറങ്ങി. വോട്ടേഴ്സ് ലിസ്റ്റിൽ പുതുതായി ചേർക്കേണ്ടിയിരുന്ന മൂവായിരത്തോളം ഇടതുപക്ഷ അനുകൂല വോട്ടർമാരുടെ അപേക്ഷ വെളിച്ചം കാണാതെ പാർട്ടി തലത്തിൽ തന്നെ പൂഴ്ത്തിയെന്നാണ് അറിയുന്നത്.

 കൈപിടിച്ച് സ്ത്രീകൾ

ഷാനിമോൾക്ക് കിട്ടിയ വോട്ടുകളിലധികവും സ്ത്രീകളുടേതാണെന്ന വിലയിരുത്തലുണ്ട്. അതിനുകാരണവുമുണ്ട്. ഏതാനം മാസങ്ങൾക്ക് മുമ്പ് നടന്ന പാർലമെൻറ് തിരഞ്ഞെടുപ്പിൽ വോട്ട് തേടിയെത്തിയ ഷാനി വീണ്ടും വോട്ടർമാർക്ക് മുന്നിലെത്തിയത് വോട്ടർമാരുടെ മനസിനെ സ്പർശിച്ചു. പാർലമെൻറ് തിരഞ്ഞെടുപ്പിൽ 648 വോട്ടിൻെറ ലീഡ് നേടിയ ഷാനിയുടെ ഭൂരിപക്ഷം 2079 വോട്ടായി മാറിയതും ഇതുകൊണ്ടാണ്. ഇങ്ങനെയൊരു വിജയം കോൺഗ്രസുകാരും പ്രതീക്ഷിച്ചതല്ല. പയറ്റി നോക്കാം എന്ന രീതിയിലാണ് ഷാനിയെ കോൺഗ്രസുകാർ കളത്തിലിറക്കിയത്. കാരണം അരൂരിൽ വിജയിച്ചു കയറുക അത്ര എളുപ്പമല്ലെന്ന് മാത്രമല്ലെന്ന് അവർക്കറിയാമായിരുന്നു.