ആലപ്പുഴ: തുലാമഴ ആരംഭിച്ചതോടെ തീരത്ത് കടൽകയറ്റം തുടർച്ചയായ രണ്ടാം ദിവസവും ജനജീവിതത്തെ ദുസഹമാക്കി. ഇരച്ചുകയറിയ കടൽവെള്ളത്തിൽ നൂറുകണക്കിന് വീടുകൾ മുങ്ങി. വീട്ടുപകരണങ്ങൾ, പാത്രങ്ങൾ എന്നിവ ഒഴുകിപ്പോയി. ആലപ്പുഴ നഗരസഭയിലെ ഗുരുമന്ദിരം, വാടക്കൽ, ബീച്ച്, റെയിൽവേ സ്റ്റേഷൻ വാർഡുകളുടെയും അമ്പലപ്പുഴ,പുറക്കാട്,പുന്നപ്ര പഞ്ചായത്തുകളുടെ തീരത്തുമാണ് കടൽകയറ്റം രൂക്ഷം. ഇന്നലെ ആലപ്പുഴയിലെ നാലു വാർഡുകളിൽ കടൽവെള്ളം കയറി. വാടയ്ക്കൽ പൊഴി തുറക്കുന്നതിൽ റവന്യൂ അധികാരികൾ കാട്ടിയ അലംഭാവമാണ് വെള്ളം പ്രദേശത്ത് കെട്ടി നിൽക്കാൻ കാരണമായത്. പ്രതിഷേധത്തെ തുടർന്ന് നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ ഇടപെട്ടതിനെത്തുടർന്ന് പൊഴിമുറിച്ച് വെള്ളം കടലിലേക്ക് ഒഴുക്കി. തീരത്ത് കടൽഭിത്തി ഇല്ലാത്ത ഭാഗത്തുകൂടിയാണ് വെള്ളം ഇരച്ചു കയറിയത്.
മുൻകാലങ്ങളിൽ വാടയ്ക്കൽ പൊഴി മുറിക്കുന്നത് റവന്യൂ വകുപ്പായിരുന്നു. കഴിഞ്ഞ കുറച്ച് വർഷമായി പൊഴി മുറക്കുന്ന ചുമതല നഗരസഭക്ക് നൽകി . കടൽവെള്ളത്തിൽ അടിഞ്ഞു കൂടിയ ചെളിയും മാലിന്യങ്ങളും പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു. പ്രദേശത്ത് നഗരസഭയുടെ നേതൃത്വത്തിൽ ബ്ളീച്ചിംഗ് പൗഡർ വിതരണം നടത്തി.
"സംരക്ഷണഭിത്തി നിർമ്മിക്കാൻ കളക്ടർ ഇടപെടണം. സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ മന്ത്രിക്ക് ഫാക്സ് അയച്ചു
ബഷീർ കോയാപറമ്പിൽ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ