കണക്ടഡ് ലോഡ് ക്രമപ്പെടുത്താൻ അവസരമൊരുക്കി കെ.എസ്.ഇ.ബി
ആലപ്പുഴ: കെ.എസ്.ഇ.ബി ഉപഭോക്താക്കൾക്ക് കണക്ടഡ് ലോഡ് (ഉപകരണങ്ങളുടെ ആകെ വൈദ്യുതി ഉപയോഗ അളവ്) ക്രമപ്പെടുത്താനും പേരിലും വിലാസത്തിലുമുള്ള പിശകു തിരുത്താനും 31 വരെ അവസരം. വൈദ്യുതി കണക്‌ഷൻ എടുത്തപ്പോഴുള്ള വയറിംഗ് പോയിന്റിനെക്കാൾ കൂടുതൽ പോയിന്റ് പിന്നീട് എടുത്തവർ കണക്ടഡ് ലോഡ് ക്രമപ്പെടുത്താൻ അപേക്ഷ നൽകണം. അപേക്ഷാ ഫീസ്, പരിശോധനാ ഫീസ്, അധിക സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്നിവ ഈടാക്കില്ല. കൂടുതൽ വയറിംഗ് പോയിന്റുകൾ എടുത്തതിനു ക്രമപ്പെടുത്തൽ അപേക്ഷ നൽകിയിട്ടില്ലെന്നു പിന്നീടു കണ്ടെത്തിയാൽ കുറഞ്ഞത് 10,000 രൂപയെങ്കിലും പിഴ നൽകേണ്ടിവരും. കണക്ടഡ് ലോഡ് ക്രമപ്പെടുത്തുന്നതു മൂലം വോൾട്ടേജ് ഉയർന്ന തലത്തിലേക്കു മാറി വിതരണശൃംഖല ശക്തിപ്പെടുത്തേണ്ടി വന്നാൽ അതിന്റെ ചെലവ് ഉപഭോക്താവ് വഹിക്കണം.
വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ അല്ലെങ്കിൽ സാധന സാമഗ്രികളുടെ അനുവദനീയമായ ശേഷിയുടെ ആകെ തുകയാണ് കണക്ടഡ് ലോഡ്. ഇത് എത്രയെന്ന് ബില്ലിൽ ഉണ്ടാകും. കണക്റ്റഡ് ലോഡ് കെ.എസ്.ഇ.ബിയെ അറിയിക്കാതെ കൂട്ടിയതായി കണ്ടെത്തിയാൽ പിഴ അടയ്ക്കണം. ജില്ലയിൽ നിന്ന് ഇതുവരെ ആയിരത്തിന് മുകളിൽ അപേക്ഷകൾ ലഭ്യമായിട്ടുണ്ട്. ഇനി 500നു മുകളിൽ അപേക്ഷകൾ പ്രതീക്ഷിക്കുന്നുവെന്നാണ് അധികൃതർ പറയുന്നത്. എല്ലാ ഉപഭോക്താക്കൾക്കും കണക്ടഡ് ലോഡ് പ്രത്യേക ഫീസുകളൊന്നുമില്ലാതെ സെക്ഷൻ ഓഫീസുമായി ബന്ധപ്പെട്ട് സ്വയം വെളിപ്പെടുത്തി ക്രമീകരിക്കാവുന്നതാണ്. ഉപഭോക്താവിന് തന്റെ കെട്ടിടത്തിലെ കണക്ടഡ് ലോഡ് മാറിയതിനെത്തുടർന്ന് കെ.എസ്.ഇ.ബിയുമായി ബന്ധപ്പട്ട രേഖകൾ ക്രമപ്പെടുത്താൻ ഒരു അംഗീകൃത വയറിംഗ് കോൺട്രാക്ടർ/ സൂപ്പർവൈസറുടെ വയറിംഗ് പൂർത്തീകരണ സാക്ഷ്യപത്രം ഹാജരാക്ക്മെന്നാണ് നിബന്ധന. എന്നാൽ പലപ്പോഴും ഉപഭോക്താക്കൾ അജ്ഞത മൂലം ഇതിനു മെനക്കെടാറില്ല. എപ്പോഴെങ്കിലും ഒരിക്കൽ ഇത് ഉപഭോക്താവിന് വലിയ പിഴ വരുത്തിവയ്ക്കും. വയറിംഗ് കോൺട്രാക്ടറുടെ സാക്ഷ്യപത്രം വേണ്ടെന്നതാണ് നിലവിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ആനുകൂല്യം.
....................
ഒറ്റത്തവണയ്ക്കു മുമ്പ്
അപേക്ഷാഫോറത്തിൽ വീട്/ സ്ഥാപനം എന്നിവിടങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള വൈദ്യുതി ഉപകരണങ്ങളുടെ വിവരവും എണ്ണവും രേഖപ്പെടുത്തണം. അംഗീകൃത വയറിംഗ് കോൺട്രാക്ടർ/ സൂപ്പർവൈസറുടെ മേൽനോട്ടത്തിലാണ് നടത്തിയതെന്ന ഉപഭോക്താവിന്റെ സാക്ഷ്യപത്രം സെക്ഷൻ ഓഫീസിൽ ഹാജരാക്കണം. ചെലവ് അപേക്ഷകൻ വഹിക്കണം.
.....................................
ഒറ്റത്തവണ പദ്ധതിയിൽ
# അപേക്ഷാ ഫോമിൽ അംഗീകൃത വയറിംഗ് കോൺട്രാക്ടർ/ സൂപ്പർവൈസർ സാക്ഷ്യപത്രം ആവശ്യമില്ല
# അപേക്ഷാഫീസ്, ടെസ്റ്റിംഗ് ഫീസ്, അഡീഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവയിൽ ഇളവുണ്ട്
# ആവശ്യപ്പെടുന്ന ലോഡ് നൽകാൻ വിതരണ ശൃംഖലയിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അതിനുള്ള തുക അഡീഷണൽ ഇ.സി.എസ്.സി ആയി അടയ്ക്കേണ്ടി വരും.
..........................................
'കണക്ടഡ് ലോഡ് നിയമാനുസൃതമാക്കാൻ കെ.എസ്.ഇ.ബി നൽകുന്ന ഒറ്റത്തവണ അവസരം നിർബന്ധമല്ലെങ്കിലും ഉപഭോക്താക്കൾ പ്രയോജനപ്പെടുത്തണം. കച്ചവട സ്ഥാപനങ്ങളിലും വ്യവസായശാലകളിലും കെ.എസ്.ഇ.ബി അധികൃതരുടെ പരിശോധനയിൽ കണക്ടഡ് ലോഡ് മാറിയെന്ന് കണ്ടെത്തിയാൽ വൻ തുക പിഴ ഇൗടാക്കും'
(കെ.എസ്.ഇ.ബി അധികൃതർ )