 ജല നിർഗമന മാർഗങ്ങൾ സജീവമാക്കണം

ആലപ്പുഴ: പ്രളയ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയില്ലെങ്കിൽ കുട്ടനാടിന്റെ ഭാവി 'വെള്ള'ത്തിലാവുമെന്ന് ഗവേഷകർ. തുടർച്ചയായുള്ള വെള്ളപ്പൊക്കം കുട്ടനാടിന് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

പൊതുവേ താഴ്ന്ന പ്രദേശമായ കുട്ടനാട് അതിവേഗത്തിൽ താഴുകയാണ്. ജലനിർഗമന മാർഗങ്ങൾ ഇല്ലാത്തതാണ് കാരണം. രണ്ട് പ്രളയവും തുലാവർഷത്തെ ശക്തമായ മഴയും കുട്ടനാടൻ ഭൂപ്രകൃതിക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. എക്കൽ മണ്ണിന്റെ സാന്നിദ്ധ്യം കൂടിയത് കൃഷിക്ക് ഗുണം ചെയ്യുമെങ്കിലും വെള്ളം കെട്ടിക്കിടക്കുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യും.

തോട്ടപ്പള്ളി പൊഴി, തണ്ണീർമുക്കം ബണ്ട് തുടങ്ങിയ 14 പൊഴികളിൽ നീരൊഴുക്ക് സുഗമമായി നടക്കുന്നില്ല. ഭൂസംരക്ഷണത്തിന് ഊന്നൽ നൽകി നീരൊഴുക്ക് സുഗമമാക്കി നിറുത്തിയാൽ കുട്ടനാടിനെ സംരക്ഷിക്കാനാവും. തണ്ണീർമുക്കം ബണ്ടിൽ അടിയുന്ന എക്കലും മണ്ണും പൂർണ്ണമായും നീക്കം ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കുട്ടനാട് പാക്കേജ് പരാജയപ്പെടാനുള്ള മുഖ്യകാരണം ജലസേചന വകുപ്പ് കാട്ടിയ അലംഭാവമാണെങ്കിലും പ്രവർത്തനത്തിൽ മാറ്റം വരുത്താനുള്ള പരിശ്രമങ്ങൾ ഉണ്ടാവുന്നില്ല.

കുട്ടനാട്ടിൽ മാത്രം 3000ത്തോളം തോടുകളുണ്ടെന്നാണ് കണക്ക്. ഇതിനെല്ലാം കൂടി 4000 കിലോമീറ്റർ ദൈർഘ്യമുണ്ടാവും. ഒട്ടുമിക്കവയും ഏറെക്കുറെ നികന്ന അവസ്ഥയിലാണ്. പമ്പ, അച്ചൻകോവിൽ നദികളിൽ വെള്ളപ്പൊക്കം ഉണ്ടായാൽ കുട്ടനാടും മുങ്ങും. എക്കൽ കെട്ടി നിൽക്കുന്നതിനാൽ ജലത്തെ ആഗികരണം ചെയ്യാനുള്ള മണ്ണിന്റെ ശേഷി നഷ്ടപ്പെട്ടിരിക്കുകയാണ്.

............................

 കെൽപ്പില്ലാത്ത ബണ്ടുകൾ

കുട്ടനാട്ടിൽ 1250 പാടശേഖരങ്ങളാണ് ആകെയുള്ളത്. 40 ഹെക്ടർ മുതൽ 1500 ഹെക്ടറോളം വിസ്തൃതിയിലാണ് കൃഷി നടക്കുന്നത്. എന്നാൽ ഇവയുടെ പുറം ബണ്ടുകൾക്കെല്ലാം വർഷങ്ങളുടെ പഴക്കമാണുള്ളത്. ചെറിയ ആഘാതം പോലും താങ്ങാനുള്ള കെൽപ്പ് ബണ്ടുകൾക്കില്ല. ഇവയുടെ പുനരുദ്ധാരണം അടിയന്തരമായി പൂർത്തീകരിച്ചാൽ മാത്രമേ ഇപ്പോഴത്തെ സ്ഥിതിയിൽ മാറ്റം വരുത്താൻ കഴിയൂ.

...........................

'വെള്ളപ്പൊക്ക നിവാരണം ലക്ഷ്യമിട്ട് കുട്ടനാടിനായി പ്രത്യേക കർമ്മ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത് സർക്കാർ ഇടപ്പെട്ട് ഉടൻ നടപ്പാക്കണം.വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ മാത്രം ചിന്തിക്കേണ്ട കാര്യമല്ല. കുട്ടനാട് പാക്കേജ് ഉടൻ നടപ്പാക്കിയില്ലെങ്കിൽ കുട്ടനാടിന്റെ ആയുസ് അധികനാൾ കാണില്ല'

(കെ.ജി.പദ്മകുമാർ, കായൽ ഗവേഷണ കേന്ദ്രം ഡയറക്ടർ)