സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങൾ അടുത്തമാസം ആദ്യം
ആലപ്പുഴ: അരൂരിലെ തോൽവി ഇഴകീറി പരിശോധിക്കാൻ സി.പി.എം ജില്ലാ നേതൃത്വം തയ്യാറെടുക്കുന്നു. കോൺഗ്രസിൻെറ കുത്തകയായിരുന്ന വട്ടിയൂർക്കാവും കോന്നിയും വലിയ ഭൂരിപക്ഷത്തിൽ പാർട്ടി പിടിച്ചെടുത്തപ്പോൾ കോൺഗ്രസിന് സൂചികുത്താൻ പോലും ഇടംകൊടുക്കാതെ കാത്ത് സൂക്ഷിച്ചുവന്ന അരൂർ എങ്ങനെ കൈവിട്ടു പോയി എന്നതിനെ തലങ്ങും വിലങ്ങും പരിശോധിക്കാനാണ് തീരുമാനം.
നവംബർ ആദ്യവാരം പതിനൊന്നംഗ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇതിനായി ചേരും. മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും പരാജയകാരണം വിലയിരുത്തും. പാർട്ടിയുടെ ജില്ലാ സംവിധാനം മുഴുവൻ അരൂരിൽ പ്രവർത്തിച്ചിട്ടും മണ്ഡലം പിടിച്ചു നിറുത്താൻ കഴിയാതെപോയതിന്റെ ഉള്ളറകൾ തുറക്കും വിധമാവും ചർച്ചകൾ. വിജയിക്കുമെന്ന് കണക്കാക്കിയിരുന്ന അരൂരിലെ തോൽവി മുൻകൂട്ടി കണ്ടെത്താൻ കഴിയാതെപോയത് പാർട്ടി സംവിധാനത്തിന്റെ വീഴ്ചയായാണ് കണക്കാക്കുന്നത്. ജില്ലാ കമ്മിറ്റി അംഗങ്ങൾ മുഴുവനും ഏഴ് സംസ്ഥാന കമ്മിറ്റി അംഗങ്ങളും രണ്ട് കേന്ദ്ര കമ്മിറ്റി അംഗങ്ങളും മന്ത്രിമാരും മുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടറിയും പ്രചാരണ നടത്തിയ മണ്ഡലത്തിലെ തോൽവി പാർട്ടിയുടെ ഉറക്കം കെടുത്തുകയാണ്. പ്രചാരണത്തിന് മുന്നിൽ നിന്നവരെല്ലാം പരുങ്ങലിലാണ്.
എൽ.ഡി.എഫ് സർക്കാരിന്റെ വിലയിരുത്തലായി വട്ടിയൂർക്കാവിലെയും കോന്നിയിലെയും വമ്പിച്ച വിജയത്തെ വിലയിരുത്തുമ്പോൾ അരൂർ തകർന്നതിന്റെ വേദന പാർട്ടിയെ പിടിച്ചുലയ്ക്കുകയാണ്. രണ്ട് വിജയത്തിന്റെ പകിട്ട് അരൂർ കെടുത്തിയെന്ന വിലയിരുത്തലാണുള്ളത്. അരൂരിൽകൂടി വിജയിച്ചിരുന്നെങ്കിൽ അത് പിണറായി സർക്കാരിന്റെ തലയിലെ മറ്റൊരു തൂവലാകുമായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
പുന്നപ്ര വയലാർ സമരത്തിൻെറ 73-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ പാർട്ടിക്കേറ്റ കനത്ത പ്രഹരമായാണ് പരാജയത്തെ വിലയിരുത്തുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാൻ നേടിയ 648 വോട്ടിന്റെ ഭൂരിപക്ഷം വേണ്ട ഗൗരവത്തിൽ പാർട്ടി ഉൾക്കൊണ്ടില്ലെന്ന വിമർശനവുമുണ്ട്. അതേസമയം ഷാനിമോൾ ആലപ്പുഴയിൽ തോൽക്കാനുണ്ടായ കാരണം കോൺഗ്രസ് പഠിച്ചു. അതിനായി അന്വേഷണ കമ്മിഷനെ വച്ചു. എന്നിട്ടും സി.പി.എം നേതൃത്വം ഇക്കാര്യത്തിൽ വേണ്ടത്ര ഗൗരവം കാട്ടാതിരുന്നത് ചർച്ചകൾക്ക് വഴിയൊരുക്കും.
സഹതാപം വിറ്റഴിച്ചു: ആർ.നാസർ
കടത്തിലാണെന്നും ജയിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും വോട്ടർമാരോട് പറഞ്ഞാണ് ഷാനിമോൾ ഉസ്മാൻ വോട്ട് പിടിച്ചതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. പാർട്ടിയുടെ വീഴ്ചയായി അരൂരിലെ പരാജയത്തെ കാണുന്നില്ല. വോട്ട് ചേർന്നു പോകാത്ത വിധമായിരുന്നു പ്രവർത്തനം. അതുകൊണ്ട് അങ്ങനെയൊരു വിലയിരുത്തലില്ല. പാലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ പതിനായിരം വോട്ട് ഇക്കുറി കോൺഗ്രസിന് പോയി. അത്രയും വോട്ട് ബി.ജെ.പിക്ക് കുറഞ്ഞിട്ടുണ്ട്. ന്യൂനപക്ഷ സമുദായങ്ങളുടെ ഏകീകരണം ഈ തിരഞ്ഞെടുപ്പിലുണ്ടായി. അത് ഷാനിമോൾക്ക് അനുകൂലമായി. സ്ത്രീകളുടെ ഇടയിൽ സഹതാപ തരംഗം ഉണ്ടാക്കാൻ അവർക്കായി- നാസർ പറഞ്ഞു.