rice

പൂച്ചാക്കൽ: സ്‌കൂളുകളിലേക്ക് നൽകാനായി സപ്ളൈകോ ലാഭം മാർക്കറ്റിൽ കൊണ്ടുവന്ന അരിയുടെ ഗുണനിലവാരത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് തൊഴിലാളികൾ ലോഡ് ഇറക്കാൻ വിസമ്മതിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി.തിലോത്തമനെ തൊഴിലാളികൾ വിവരം അറിയിച്ചതിനെത്തുടർന്ന് അരി ചേർത്തലയിലെ ഗോഡൗണിലെക്ക് തിരിച്ചയച്ചു.

തൈക്കാട്ടുശേരി, പാണാവള്ളി പഞ്ചായത്തുകളിലെ 13 സ്കൂളുകൾക്ക് അരി വിതരണം ചെയ്യുന്നത് പൂച്ചാക്കൽ സപ്ലൈകോയിൽ നിന്നാണ്. ലോഡ് ഇറക്കുമ്പോഴാണ് അരിയുടെ മോശം നിലവാരം തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവം വിവാദമായതോടെ അരി പരിശോധിച്ചപ്പോൾ ചെറിയ പ്രാണികൾ ഉള്ളതും പൂപ്പൽ പിടിച്ച് പഴകിയതുമാണെന്ന് ബോദ്ധ്യമായി.

ആലപ്പുഴ, മാവേലിക്കര എഫ്.സി.ഐ ഗോഡൗണുകളിൽ നിന്നു ചേർത്തല ഗോഡൗണിൽ എത്തിച്ച് അവിടെ നിന്നാണ് അരി സ്കൂളുകൾക്ക് വിതരണം ചെയ്യുന്നത്. ട്രെയിനിൽ നിന്നു ഇറക്കുമ്പോഴും ലോറികളിൽ കയറ്റുമ്പോഴും പൊട്ടിവീഴുന്ന ചാക്കുകളിലെ അരി മറ്റൊരു ചാക്കിലേക്ക് മാറ്റുമ്പോഴാണ് പ്രാണികളും മറ്റു മാലിന്യങ്ങളും കടന്നു കൂടുന്നത്. ഗുണനിലവാരം പരിശോധിച്ച് മാത്രമേ റേഷൻ കടകൾക്കും സ്കൂളുകൾക്കും അരി നൽകാൻ പാടുള്ളു എന്നാണ് വ്യവസ്ഥ.