മാവേലിക്കര: ഉപഭോക്താക്കളുടെ ജീവന് ഭീഷണി ഉണ്ടാക്കുന്ന തരത്തിൽ സാങ്കേതിക പരിജ്ഞാനവും ലൈസൻസും ഇല്ലാത്തവർ വയറിംഗ് ജോലി ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള ഇലക്രിക്കൽ വയർമെൻ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ.കെ.ശശിധരൻ ആവശ്യപ്പെട്ടു. മാവേലിക്കരയിൽ നടന്ന കെ.ഇ.ഡബ്ല്യൂ.എസ്.എ ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവിൽ കോൺട്രാക്ടർമാർ വൈദ്യുതീകരണ ജോലി ഏറ്റെടുക്കുന്നത് നിർത്തലാക്കാൻ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എം.ആർ.ഭാസ്‌കരൻ അദ്ധ്യക്ഷനായി. സമ്മേളന നഗരിയിലെ സ്റ്റാളുകളുടെ ഉദ്ഘാടനം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.ജെ.ജയിംസ് നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്.അജിത്ത് കുമാർ, സംസ്ഥാന ക്ഷേമ ഫണ്ട് സെക്രട്ടറി പി.തമ്പാൻ, സംസ്ഥാന ഖജാൻജി ബി.സുരേഷ്‌കുമാർ, അസി.സെക്രട്ടറി ജി.ഗിരീഷ്, എം.കെ.ചന്ദ്രൻനായർ, കെ.ഗോപൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ.കുഞ്ഞുമോൻ സ്വാഗതവും ജനറൽ കൺവീനർ കെ.ജയദേവൻ നന്ദിയും പറഞ്ഞു.