ആലപ്പുഴ: അർദ്ധരാത്രിയിൽ സ്ത്രീകളെ വീടുകയറി ആക്രമിച്ച് പണവും ആഭരണവും തട്ടിയെടുത്ത കേസിലെ പ്രതികൾക്ക് 10 വർഷം കഠിനതടവ്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 9-ാം വാർഡിലെ വസന്തത്തിൽ രാധാകൃഷ്ണന്റെ വീട്ടിൽ 2012 മെയ് മാസം 17 അർദ്ധരാത്രിയിൽ അതിക്രമിച്ചുകയറി ഭാര്യയേയും മരുമകളേയും ആക്രമിച്ച് പരിക്കേൽപ്പിച്ച് സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണും അപഹരിച്ച കേസിലാണ് തമിഴ്‌നാട് കമ്പം തേനി തിരുവള്ളൂർഭാഗത്ത് ടി.ടി.വി ദിനകരൻ നഗറിൽ വിഷ്ണുമൂർത്തി, മഞ്ചക്കോള കോളനിയിൽ കാട്ടുകുച്ചൻ എന്നിവരെ ആലപ്പുഴ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി പി.എൻ.സീത ശിക്ഷിച്ചത്. പ്രതികൾ 25,000 രൂപ വീതം പിഴയുമടയ്ക്കണം. പിഴ അടയ്ക്കാത്ത പക്ഷം ആറുമാസം കൂടി കഠിന തടവ് അനുഭവിക്കണം. കേസിൽ 4 പ്രതികളാണ് ഉണ്ടായിരുന്നത്. ഒന്നാം പ്രതി മരിക്കുകയും രണ്ടാം പ്രതി നാടുവിട്ടുപോകുകയും ചെയ്തതിനാൽ മൂന്നും നാലും പ്രതികളെ വച്ചാണ് കേസ് നടത്തിയത്. സംഭവദിവസം രാധാകൃഷ്ണന്റെ ഭാര്യയും മരുമകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇത് നിരീക്ഷിച്ച പ്രതികൾ മാരകായുധങ്ങളുുമായി ഭവനഭേദനം നടത്തി അഭരണങ്ങൾ അഴിച്ചുനൽകാൻ ആവശ്യപ്പെടുകയും ഇത് നിഷേധിച്ച വീട്ടുകാരെ മാരകമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. ആഭരണങ്ങളും പണവും മൊബൈൽഫോണുമെടുത്ത് പ്രതികൾ പുറത്തുനിന്നും വാതിൽപൂട്ടി രക്ഷപെടുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പി.ഗീതയും അഡ്വ. പി.പി.ബൈജുവും ഹാജരായി.