കായംകുളം: ചികിത്സാ പിഴവുകൾ സംബന്ധിച്ച കേസുകളിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം മോഹനൻ വൈദ്യർ കായംകുളം പൊലീസിൽ കീഴടങ്ങി. തെളിവെടുപ്പിന് ശേഷം കായംകുളം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തെ കർശന ഉപാധികളോടെ ജാമ്യത്തിൽ വിട്ടു.
ചികിത്സാപ്പിഴവിൽ ഒന്നര വയസുകാരി മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷന് ലഭിച്ച പരാതിയിലും സോറിയാസിസ് ചികിൽസാപ്പിഴവിൽ കായംകുളം പൊലീസ് നേരിട്ട് രജിസ്റ്റർ ചെയ്ത കേസിലുമാണ് മുൻകൂർ ജാമ്യംതേടി മോഹനൻ വൈദ്യർ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാനുള്ള നിർദ്ദേശത്തെ തുടർന്നാണ് ശനിയാഴ്ച പൊലീസ് സ്റ്റേഷനിൽ എത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇദ്ദേഹത്തെ ഞക്കനാലിലെ ചികിത്സാലയത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. തുടർന്ന് കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മോഹനൻ വൈദ്യർക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ആഴ്ചയിൽ ഒരു ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകുക, അന്വേഷണത്തിൽ സഹകരിക്കുക എന്നിവയാണ് ഉപാധികൾ. അനധികൃത ചികിത്സ നടത്തുന്നില്ലെന്ന് ആരോഗ്യവകുപ്പും ജില്ലാ മെഡിക്കൽ ഒാഫീസറും ഉറപ്പുവരുത്തണമെന്നും നിബന്ധനയുണ്ട്.