തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിലെ ദീപാവലി വലിയ വിളക്ക് ദർശിക്കാൻ പതിനായിരങ്ങളെത്തി. രാവിലെയും വൈകിട്ടും നടന്ന ശ്രീബലിയ്ക്കും കാഴ്ചശ്രീബലിയ്ക്കും 12 ഗജവീരന്മാർ അണിനിരന്നു. പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ നടന്ന മേജർ പഞ്ചാരിമേളവും കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാന്മാരായ ഡോ.എൻ.ആർ.കണ്ണൻ, ഡോ.എൻ.ആർ.ആനന്ദ് എന്നിവരുടെ സ്പെഷ്യൽ നാദസ്വരവും കാണികളെ ആവശം കൊള്ളിച്ചു. ചിറയ്ക്കൽ കാളിദാസൻ ശ്രീ നരസിംഹമൂർത്തിയുടെയും പാമ്പാടി രാജൻ ശ്രീ മഹാസുദർശനമൂർത്തിയുടെയും തിടമ്പേറ്റി. വലിയ വിളക്കിന് ശേഷം നടന്ന ദർശന പ്രധാനമായ കൂട്ടി എഴുന്നള്ളത്തിന് പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ മേജർ പാണ്ടിമേളം അകമ്പടിയായി. ഗ്രാമദേവന്മാരുടെ കൂട്ടി എഴുന്നള്ളത്തും യാത്രയയപ്പും ദർശിക്കാൻ വലിയ ഭക്തജന തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ആറാട്ടോടെ ഒൻപത് ദിനരാത്രങ്ങൾ നീണ്ട ദീപാവലി ഉത്സവത്തിന് കൊടിയിറങ്ങും. ഇന്ന് രാവിലെ 8ന് ഗരുഢ വാഹനപ്പുറത്ത് എഴുന്നള്ളത്ത്,8.05 ന് തൃപ്പൂണിത്തുറ രജിതാ പ്രശാന്ത് അവതരിപ്പിക്കുന്ന കൃഷ്ണഗാന മഞ്ജരി, 9 ന് കോട്ടയം അജിത്തിന്റെ ജലതരംഗ കച്ചേരി, 10 ന് കോഴിക്കോട് പ്രശാന്ത് വർമ്മ അവതരിപ്പിക്കുന്ന മാനസജപ ലഹരി, ഉച്ചയ്ക്ക് 12.30ന് ആറാട്ട്, തുടർന്ന് അന്നദാനം.