അമ്പലപ്പുഴ: ബൈക്കിലെത്തിയ യുവാക്കൾ വീട്ടമ്മയെ തലയ്ക്കടിച്ച് വീഴ്ത്തിയശേഷം അഞ്ചരപ്പവന്റെ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നു. കരൂർ പായൽക്കുളങ്ങര ക്ഷേത്രത്തിനു സമീപമുള്ള കുന്നേൽ സംഗീത ടീ ഷോപ്പ് ഉടമയുടെ ഭാര്യ സംഗീതയുടെ അഞ്ചര പവൻ തൂക്കം വരുന്ന മാലയാണ് കവർന്നത്.ഇന്നലെ വൈകിട്ട് 7 ഓടെ സമീപത്തുള്ള പലചരക്കുകടയിൽ പോയി മടങ്ങുകയായിരുന്ന സംഗീതയുടെ തലക്ക് ബൈക്കിലെത്തിയ യുവാക്കൾ കൈ കൊണ്ടടിച്ചുവീഴ്ത്തി. അടി കൊണ്ടു താഴെ വീണ സംഗീതയുടെ കഴുത്തിൽ നിന്നും സ്വർണമാല പൊട്ടിച്ചെടുത്ത് മോഷ്ടാക്കൾ ബൈക്കിൽ കടന്നു. രണ്ടു യുവാക്കളും ഹെൽമെറ്റ് ധരിച്ചിരുന്നതായി വീട്ടമ്മ പറഞ്ഞു. പരിക്കേറ്റ വീട്ടമ്മ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.അമ്പലപ്പുഴ പൊലീസ് അന്വേഷണം തുടങ്ങി.