മാരാരിക്കുളം: മാരാരിക്കുളം രക്തസാക്ഷികൾക്ക് അഭിവാദ്യമർപ്പിച്ച് എസ്.എൽ പുരത്ത് നടന്ന പ്രകടനത്തിലും പുഷ്പാർച്ചനയിലും പൊതുസമ്മേളനത്തിലും ആയിരങ്ങൾ അണിനിരന്നു.
വാർഡ് വാരാചരണ കമ്മിറ്റികളുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രകടനമായി വന്നവർ മാരാരിക്കുളം വെടിവെയ്പ് നടന്ന സ്ഥലത്തും എസ്.എൽ പുരത്തെ രക്തസാക്ഷി മണ്ഡപത്തിലും പൂക്കളർപ്പിച്ച് രക്തസാക്ഷികൾക്ക് അഭിവാദ്യമേകി. ഇരു കമ്മ്യൂണിസ്റ്റു പാർട്ടികളുടെയും വർഗ ബഹുജന സംഘടനകളുടെയും നേതാക്കളും പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന പൊതുസമ്മേളനം മന്ത്റി ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.
പുന്നപ്ര വയലാർ സമരത്തെ അധിക്ഷേപിക്കുന്നവർക്ക് കാലം മറുപടി നൽകുമെന്നും ചരിത്രത്തിൽ ഇവരുടെ സ്ഥാനം ചവറ്റുകുട്ടയിൽ ആയിരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഡി. ഹർഷകുമാർ അദ്ധ്യക്ഷനായി. പന്ന്യൻ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മന്ത്റി പി.തിലോത്തമൻ, ആർ.നാസർ, എ.ശിവരാജൻ,ടി.ജെ.ആഞ്ചലോസ്, എ.എം.ആരിഫ് എം.പി,ജി.വേണുഗോപാൽ,ജി.കൃഷ്ണപ്രസാദ്,വി.ജി.മോഹനൻ,എസ്. പ്രകാശൻ,ജലജ ചന്ദ്രൻ,പി.വി.സത്യനേശൻ, വി.പി.ചിദംബരൻ,കെ.ബി.ഷാജഹാൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എസ്.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.