ചാരുംമൂട്: നൂറനാട് പൊലീസ് സ്റ്റേഷനിൽ ഇനി മുതൽ 24 മണിക്കൂറും കാമറാക്കണ്ണുകൾ തുറന്നിരിക്കും. കായംകുളം -പുനലൂർ സംസ്ഥാന പാതയോടു ചേർന്നു സ്ഥിതി ചെയ്യുന്ന പ്രധാന സ്റ്റേഷനാണിത്. ഇരുവശങ്ങളിലേയും ഇരുന്നൂറു മീറ്റർ ദൂരത്തിലുള്ള വാഹനങ്ങളെ വ്യക്തമായി തിരിച്ചറിയുവാനുള്ള ശക്തിയേറിയ നിരീക്ഷണ കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.
കാമറയിൽ ശേഖരിക്കുന്ന ദൃശ്യങ്ങൾ സ്റ്റേഷനിലെ സെർവറിൽ പൂർണമായും ശേഖരിക്കും. 24 മണിക്കൂറും ഇവ പരിശോധിക്കുവാനുള്ള പൊലീസ് ഉദ്യോഗസ്ഥനെയും നിയമിച്ചു. അനധികൃതമായി കെ.പി റോഡിൽ കൂടി കടന്നു പോകുന്ന വാഹനങ്ങളെ കൃത്യമായി കണ്ടെത്തുവാനും അത്തരം വാഹനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുവാനും സാധിക്കും. സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികളുടെ സഞ്ചാരത്തിനു നിയന്ത്രണങ്ങൾ നിലവിലുണ്ട്.ഇവതെറ്റിച്ചു നിയമ ലംഘനം നടത്തുന്ന ടിപ്പർ ലോറികൾക്കെതിരെ നടപടി ഉണ്ടാകുമെന്നും മത്സര ഓട്ടം നടത്തുന്ന സ്വകാര്യ ബസുകളെയും നിരീക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.
ചാരുംമൂട് ജംഗ്ഷനിലും
വരും കാമറ
അടുത്ത പടിയായി ചാരുംമൂട് ജംഗ്ഷനും സമീപ പ്രദേശങ്ങളും കാമറാ നിരീക്ഷണ വലയത്തിൽ ഉൾപ്പെടുത്തും. ഇതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. ചാരുംമൂടിനെ നൂറനാട് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സെർവറിൽ നിരീക്ഷിക്കും. നൂറനാടും ചാരുംമൂടും ഇതോടു കൂടി കൂടുതൽ സുരക്ഷിത മേഖലയായി മാറുമെന്ന് അധികൃതർ പറഞ്ഞു.
സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികളുടെ സഞ്ചാരത്തിനു നിയന്ത്രണമുണ്ട്. ഇത് തെറ്റിക്കുന്ന ടിപ്പർ ലോറികൾക്കെതിരെ നടപടി ഉണ്ടാകും. മത്സര ഓട്ടം നടത്തുന്ന സ്വകാര്യ ബസുകളെയും നിരീക്ഷിക്കും. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുകയാണ് ലക്ഷ്യം. രാത്രി അപകടമുണ്ടാക്കി രക്ഷപെടുന്ന വാഹനങ്ങളെ കണ്ടെത്തുവാനും മോഷണങ്ങൾ, അക്രമങ്ങൾ, ഗുണ്ടാ ,മാഫിയാസംഘങ്ങളുടെ സഞ്ചാരം, മണ്ണ് കടത്ത് എന്നിവ വേഗത്തിൽ കണ്ടെത്താനും പുതിയ സംവിധാനം വഴി കഴിയും.
വി.ബിജു, സ്റ്റേഷൻ ഹൗസ് ഓഫീസർ