കുട്ടനാട്: തുലാമഴ തകർത്തു പെയ്യാൻ തുടങ്ങിയതോടെ കുട്ടനാട്ടിൽ രണ്ടാം കൃഷിയുടെ വിളവെടുപ്പ് പ്രതിസന്ധിയിലായി. കൊയ്ത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നെൽച്ചെടികൾ കതിരുമായി വീണുപോയതാണ് കർഷകർക്ക് തിരിച്ചടിയായത്.
പ്രളയാനന്തരം കഴിഞ്ഞ പുഞ്ചകൃഷിയിൽ മെച്ചപ്പെട്ട വിളവ് ലഭിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് രണ്ടാംകൃഷിക്ക് കർഷകർ വിളവിറക്കിയത്. രണ്ടാം കൃഷിയിറക്കിയ ഒട്ടുമിക്ക പാടശേഖരങ്ങളിലും നെൽച്ചെടികൾ കതിരുകളുമായി വെള്ളത്തിനടിയിലോ താഴെ വീണുകിടക്കുന്ന നിലയിലോ ആണ്. ഇങ്ങനെ കിടക്കുന്ന നെല്ല് കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് കൊയ്തെടുക്കാൻ ബുദ്ധിമുട്ടാണെന്നതാണ് കർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. തൊഴിലാളികളെ നിറുത്തി കൊയ്തെടുക്കാമെന്നു വച്ചാൽ ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്ത സ്ഥിതിയാണിപ്പോൾ കുട്ടനാട്ടിൽ. മാത്രമല്ല, ചെലവും കൂടും.
കൊയ്ത്ത് യന്ത്രമിറക്കി നെല്ല് കൊയ്തെടുത്താലും അത് ഇരട്ടിച്ചെലവിലേക്കും നയിക്കും. വീണുകിടക്കുന്ന നെൽക്കതിരുകൾ കൊയ്തെടുക്കാൻ കൂടുതൽ സമയമെടുക്കുമെന്നതാണ് കാരണം. ഇതോടെ കൊയ്ത്ത് യന്ത്രവാടക ഇനത്തിൽ കൂടുതൽ തുക കർഷകർ ചെലവഴിക്കേണ്ടി വരും. സാധാരണ ഗതിയിൽ ഒരേക്കർ ഒന്നര മണിക്കൂറിനുള്ളിൽ കൊയ്തെടുക്കാമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ മൂന്ന് മൂന്നര മണിക്കൂറെങ്കിലുമെടുക്കുമെന്ന് കർഷകർ പറയുന്നു. 1800- 1900 രൂപയാണ് കുട്ടനാട്ടിൽ കൊയ്ത്ത് യന്ത്രത്തിന്റെ ഒരു മണിക്കൂർ വാടക.
.....................................
# കുട്ടനാട്ടിൽ രണ്ടാം കൃഷി
ചമ്പക്കുളം ബ്ളോക്ക്: 3600 ഹെക്ടർ
വെളിയനാട് ബ്ളോക്ക്: 300 ഹെക്ടർ
..........................................
പുഞ്ചയ്ക്ക് റെക്കാഡ്, ഇത്തവണ നഷ്ടം
കുട്ടനാട്ടിൽ കഴിഞ്ഞ പുഞ്ചകൃഷിയിൽ ലഭിച്ചത് ഏക്കറിന് 35- 40 ക്വിന്റൽ നെല്ല്
സാധാരണ കിട്ടിയിരുന്നത് 20-30 ക്വിന്റൽ
സഹായിച്ചത് പ്രളയത്തെത്തുടർന്ന് അടിഞ്ഞു കൂടിയ എക്കൽ
ഇക്കുറി ഏക്കറിന് 20- 25 ക്വിന്റൽ വിളവ് കിട്ടിയാൽ ഭാഗ്യമെന്ന് കർഷകർ
നെല്ല് വില ക്വിന്റലിന് 2,695 രൂപ
...............................
കറണ്ടും വില്ലൻ
ഇപ്പോൾ നെൽക്കതിരുകൾ വീണു കിടക്കുന്ന പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്നതിനും വൈദ്യുതി മുടക്കം തടസമാകുന്നു. മഴയും കാറ്റുമെത്തിയാലുടൻ വൈദ്യുതി മുടങ്ങും. മിക്കവാറും സ്ഥലങ്ങളിൽ രാത്രിയിൽ കറണ്ട് കാണില്ല. ഇതോടെ പമ്പിംഗും മുടങ്ങും. പ്രകൃതി അനുകൂലമായെങ്കിൽ മാത്രമേ കർഷകർക്ക് ആശ്വാമുണ്ടാകൂ.
പാട്ടക്കൃഷിക്കാർക്ക് നെഞ്ചിടിപ്പ്
നിലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തവർക്കാകും കൂടുതൽ നഷ്ടം സംഭവിക്കുക. ഒരേക്കറിന് 25000 രൂപ പ്രകാരമാണ് പലരും പാട്ടത്തിന് നിലമെടുത്തിട്ടുള്ളത്. ഒരേക്കറിന് ഇതുവരെ കൃഷിക്ക് ഇരുപതിനായിരത്തോളം രൂപ ചെലവായിട്ടുമുണ്ട്.
.............................................
'നഷ്ടം നേരിടുന്ന കർഷകർക്ക് വിള ഇൻഷ്വറൻസ് പ്രയോജനപ്പെടുത്തി നഷ്ടപരിഹാരം നൽകാനാണ് ആലോചിക്കുന്നത്'
(എൻ. രമാദേവി, കൃഷിവകുപ്പ് അസി. ഡയറക്ടർ, മങ്കൊമ്പ്)