ചേർത്തല:വാരനാട് ദേവിക്ഷേത്രത്തിലെ ദ്റവ്യാവർത്തി കലശ ചടങ്ങുകൾ നവംബർ 3ന് ആരംഭിക്കും. മൂന്ന് മുതൽ 8വരെ ദിവസേന രാവിലെയും വൈകിട്ടും വിവിധ ഹോമങ്ങൾ, കലശാഭിഷേകങ്ങൾ,വിശേഷാൽ പൂജകൾ എന്നിവയുണ്ടാകും.9ന് രാവിലെ മഹാബ്രഹ്മകലശപൂജയും ദ്റവ്യാവർത്തി കലശപൂജയും നടത്തും.10ന് രാവിലെ ദ്റവ്യാവർത്തി കലശാഭിഷേകവും മഹാബ്രഹ്മ കലശാഭിഷേകവും നടത്തും. ക്ഷേത്രം തന്ത്റി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികനാകും. മോനാട് ഗോവിന്ദൻ നമ്പൂതിരി, ചെറിയ കൃഷ്ണൻ നമ്പൂതിരി, പെരിഞ്ഞേരി വാസദേവൻ നമ്പൂതിരി, കല്ലമ്പള്ളി കേശവൻ നമ്പൂതിരി, വടശേരി പരമേശ്വരൻ നമ്പൂതിരി, പറമ്പൂർ രാകേഷ് നാരായണ ഭട്ടതിരി, രഞ്ജിത്ത് ചിങ്ങൻ ഭട്ടതിരി, പുതുമന ദാമോദരൻ നമ്പൂതിരി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
തെക്കൻ കേരളത്തിൽ അപൂർവമായാണ് ദ്റവ്യാവർത്തി കലശം നടത്തുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. നവംബർ മൂന്ന് മുതൽ 10 വരെ ക്ഷേത്രത്തിലെ പൂജാ സമയങ്ങളിലും ദർശന സമയത്തിലും ക്രമീകരണങ്ങളുണ്ടാകും.