 ലോട്ടറി ടിക്കറ്റിലെ തട്ടിപ്പുകാർ പെരുകുന്നു

ആലപ്പുഴ: മറ്റൊരു തൊഴിലും സാദ്ധ്യമല്ലാത്ത സാഹചര്യത്തിൽ ലോട്ടറി കച്ചവടം ഉപജീവന മാർഗമാക്കുന്ന പാവങ്ങളെ മാത്രം ലക്ഷ്യമിട്ട് തട്ടിപ്പിനിറങ്ങുന്ന സംഘങ്ങൾ ജില്ലയിൽ പെരുകുന്നു. ലോട്ടറി നമ്പറിൽ കൃത്രിമത്വം കാട്ടി പണം തട്ടുന്ന ഇത്തരക്കാരുടെ കെണിയിൽ വീഴുന്നത് ഭിന്നശേഷിക്കാരും അന്ധരും വൃദ്ധരുമായ ലോട്ടറി കച്ചവടക്കാരാണ് എന്നതാണ് ദയനീയം.

കഴിഞ്ഞ ദിവസം ആലപ്പുഴ നഗരത്തിൽ ഭിന്നശേഷിക്കാരന്റെ കൈയിൽ നിന്ന് ലോട്ടറി തട്ടിപ്പറിച്ച് ഓടിയ സംഭവമുണ്ടായി. അവസാനത്തെ 4 അക്കങ്ങൾ ചുരണ്ടി മാറ്റിയും എഴുതിച്ചേർത്തും ചെറുകിട ലോട്ടറി വിൽപനക്കാരിൽ നിന്നു സമ്മാനം തട്ടിയെടുക്കുന്നതാണ് പതിവ്. കൂടാതെ ലോട്ടറിയിലെ യഥാർത്ഥ നമ്പർ വ്യാജമായി അച്ചടിച്ച് തട്ടിപ്പ് നടത്തുന്നവരുമുണ്ട്. ഇത്തരത്തിലുള്ള ലോട്ടറികൾ പ്രഥമ ദൃഷ്ട്യാ തിരിച്ചറിയാനും ബുദ്ധിമുട്ടാണ്. 'കേരള സ്റ്റേറ്റ് ലോട്ടറി സ്കാനർ ന്യൂ വേർഷൻ' മുഖേന സ്കാൻ ചെയ്തു നോക്കുമ്പോഴാണു തട്ടിപ്പ് മനസിലാകുന്നത്.

ഇത്തരം തട്ടിപ്പുകാരെ കണ്ടുപിടിക്കാൻ പൊലീസിനും ബുദ്ധിമുട്ടാണ്. വ്യക്തമായ തെളിവ് ലഭിക്കാത്തതാണ് പ്രധാന കാരണം. സൂക്ഷ്മ പരിശോധനയിൽ തട്ടിപ്പു മനസിലാകുമെങ്കിലും അപ്പോഴേക്കും തട്ടിപ്പുകാരൻ പമ്പകടന്നിരിക്കും.

 തട്ടിപ്പു രീതി

5000 രൂപ സമ്മാനം ലഭിച്ച ലോട്ടറിയിലെ ആറക്ക നമ്പരിൽ അവസാന അക്കങ്ങൾ 6517 എന്നതായിരിക്കട്ടെ. അക്കങ്ങൾ വേറെ ലോട്ടറി ടിക്കറ്റിൽ നിന്നു വെട്ടിമാറ്റി സംശയം തോന്നാത്ത വിധം ഒട്ടിക്കും. 8 പൂജ്യമാക്കാൻ ലോട്ടറി ചുരണ്ടുന്നതാണ് പതിവ്. സമ്മാനം പണമായി വേണ്ടെന്നും ലോട്ടറിയായി മതിയെന്നും പറയുന്നതോടെയാണ് ഏജന്റുമാർ കുരുക്കിൽ വീഴുന്നത്. ടിക്കറ്റുമായി ഏജന്റ് ലോട്ടറി ഓഫീസിൽ പോകുമ്പോഴായിരിക്കും തിരുത്തിയ ടിക്കറ്റാണെന്ന് അറിയുന്നത്. 1000, 500 രൂപ സമ്മാനങ്ങളിലാണ് തട്ടിപ്പ് കൂടുതലായി നടക്കുന്നത്. ലോട്ടറി കച്ചവടക്കാരൻ തന്നെ നഷ്ടം സഹിക്കേണ്ടിവരും.

...................................

ഏജന്റുമാർക്കുള്ള നിർദ്ദേശങ്ങൾ

# വലിയ തുകയുടെ സമ്മാനങ്ങൾ ചെറുകിട ലോട്ടറി വില്പനക്കാർ മാറ്റി നൽകരുത്
# സമ്മാനം വാങ്ങുന്നവരുടെ ഫോൺ നമ്പർ/ തിരിച്ചറിയൽ രേഖ വാങ്ങണം
# മൊബൈൽ ഫോൺ കാമറയിൽ ചിത്രം എടുത്തു സൂം ചെയ്താൽ നമ്പർ തിരുത്തിയത് മനസിലാക്കാം
# വിരൽകൊണ്ട് നമ്പരിനു മുകളിൽ സ്പർശിച്ചാൽ നമ്പർ ഒട്ടിച്ചതാണോയെന്നും മനസിലാക്കാം

# ഭിന്നശേഷിയുള്ളവർ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ലോട്ടറി വിൽപന നടത്തരുത്
# കാഴ്ച വൈകല്യം ഉള്ളവർ വില്പനയ്ക്ക് കൂടുതൽ ടിക്കറ്റ് കരുതാതിരിക്കുക

...........................

'നറുക്കെടുത്ത് 30 ദിവസം കഴിഞ്ഞ ടിക്കറ്റുകൾ ജില്ലാ ഭാഗ്യക്കുറി ഓഫീസുകൾ വഴി മാത്രമേ മാറ്റിയെടുക്കാനാവൂ. നിയമം അനുശാസിക്കുന്ന രീതിയിൽ മാത്രം ലോട്ടറി വിൽക്കണം. കബളിപ്പിക്കപ്പെട്ടാൽ ഉടൻ തന്നെ പൊലീസിൽ പരാതിപ്പെടണം'

(ജില്ലാ ലോട്ടറി ഒാഫീസ്, അധികൃതർ)