പണം വിനിയോഗിച്ചത് നഗരസഭാ മന്ദിരം മോടി കൂട്ടാൻ
കായംകുളം: നഗരസഭയിൽ 38-ാം വാർഡിലെ ചാലപ്പള്ളി പാലത്തിന്റെ നിർമ്മാണത്തിന് ബഡ്ജറ്റിൽ നീക്കിവെച്ച 50 ലക്ഷം രൂപ വകമാറ്റി നഗരസഭാ മന്ദിരത്തിന്റെ നവീകരണത്തിന് ചെലവഴിച്ചതിനെതിരെ പ്രതിഷേധം.
ചാലപ്പള്ളി പാലത്തിന്റെ നിർമ്മാണത്തിനായി മണ്ണ് പരിശോധന കഴിഞ്ഞിരുന്നു. പദ്ധതിക്കായി വകകൊള്ളിച്ചിരുന്ന 50 ലക്ഷം രൂപയിൽ നിന്നു 45 ലക്ഷമാണ് കൗൺസിൽ ഹാൾ മോടി പിടിപ്പിക്കാനായി വകമാറ്റിയത്. തീരദേശവാസികൾക്ക് വലിയ ആശ്രയമാകുന്ന പാലത്തിനുള്ള പണം വകമാറ്റി ചെലവഴിക്കുന്നത് കൗൺസിൽ തീരുമാനം പോലും ഇല്ലാതെയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കായംകുളം നഗരസഭ 38, 39, 40, 41 വാർഡുകാരും മണിവേലിക്കടവ് പ്രദേശത്തുള്ളവരും തീരദേശ റോഡുവഴി 38-ാം വാർഡിലെ ചാലപ്പള്ളി പാലം വഴിയാണ് കായംകുളം നഗരത്തിലേക്ക് വന്നിരുന്നത്. കഴിഞ്ഞ ഒരു വർഷമായി പാലം സഞ്ചാരയോഗ്യമല്ല. രണ്ടുമാസം മുമ്പ് തകർന്നു വീഴുകയും ചെയ്തു. നാട്ടുകാർ നഗരസഭയ്ക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പാലത്തിന്റെ നിർമ്മാണത്തിന് 50 ലക്ഷം രൂപ ബഡ്ജറ്റിൽ വകകൊള്ളിച്ചത്.
..........................
'പൊതുജന കൂട്ടായ്മയുടെ നേതൃത്വത്തിൽ
ഇന്ന് രാവിലെ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും'
(വി.എം. അമ്പിളിമോൻ, ജനറൽ കൺവീനർ, സമരസമിതി)