ചേർത്തല:ദേശീയപാതയിൽ അരൂർ പള്ളി ജംഗ്ഷൻ മുതൽ ചേർത്തല ഒറ്റപ്പുന്ന കവല വരെയുള്ള കയേറ്റങ്ങളും വഴിയോര കച്ചവടങ്ങളും നാളെ മുതൽ ഒഴിപ്പിക്കുമെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു.ഇവിടെ കച്ചവടം നടത്തുന്നവരും നിർമ്മാണ സാമഗ്രികളും മറ്റും സൂക്ഷിക്കുന്നവരും ഇത് മാറ്റിയില്ലെങ്കിൽ പൊലീസ് സഹായത്തോട നീക്കുകയും ഇതിന് ചിലവാകുന്ന തുക ഉടമകളിൽ നിന്ന് ഈടാക്കുമെന്നും അറിയിച്ചു.
ഇതിനിടെ സർക്കാർ നടപടി നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചേർത്തല താലൂക്ക് ഫുഡ്പാത്ത് മർച്ചന്റ് അസോസിയേഷൻ രംഗത്തെത്തി.ആർക്കും അസൗകര്യമുണ്ടാക്കാതെ ഉപജീവനത്തിനായി തൊഴിൽ ചെയ്യുന്നവരെ ഒഴിപ്പിക്കുന്ന നടപടി കോടതി വിധിക്ക് വിരുദ്ധമാണെന്നും അസോസിയേഷൻ യോഗം അഭിപ്രായപ്പെട്ടു.പ്രസിഡന്റ് കെ.പി.വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പീതാംബരൻ റിപ്പോർട്ട് അവതരിപ്പിച്ചു.എൻ.കുട്ടികൃഷ്ണൻ,വിജയൻ ചിയാംഗ്ചിങ്ങ്,വി.കെ.ഗൗരീശൻ,ജയപാൽ എന്നിവർ സംസാരിച്ചു.