പരിശോധന നടത്താനാവാതെ ഭക്ഷ്യസുരക്ഷാവകുപ്പ്
ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ് വ്യാപിപ്പിക്കണമെന്ന് ആവശ്യം
ആലപ്പുഴ: രാത്രികാലത്തു മാത്രം ജീവൻ വയ്ക്കുന്ന തട്ടുകടകളിൽ ഒട്ടുമിക്കവയ്ക്കുമെതിരെ പരാതി ലഭിച്ചിട്ടും ഒന്നും ചെയ്യാനാവാതെ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ വലയുന്നു. 'ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്' എന്ന പേരിൽ മാതൃക തെരുവോര ഭക്ഷ്യകേന്ദ്രങ്ങൾ ഒരുക്കുന്ന പദ്ധതി ജില്ലയിൽ വ്യാപകമാക്കണമെന്നാണ് തട്ടുകട ഭക്ഷണ പ്രേമികളുടെ ആവശ്യം. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ടൂറിസം വകുപ്പിന്റെയും ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിട്ടി ഒഫ് ഇന്ത്യയുടെയും (എഫ്.എസ്.എസ്.എ.ഐ) സഹകരണത്തോടെയാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.
റോഡരികിൽ ഒത്തുകിട്ടുന്ന ഭാഗങ്ങളിൽ തട്ടൊരുക്കി ഭക്ഷണം വിളമ്പുന്നവർ വൃത്തിയോ മറ്റു മാനദണ്ഡങ്ങളോ പാലിക്കുന്നില്ലെന്നാണ് വ്യാപക പരാതി. തട്ടുകടകളുടെ പ്രവർത്തനം രാത്രിയിലായതിനാൽ പരിശോധിക്കാൻ അധികൃതരും മെനക്കെടാറില്ല. വാഹനങ്ങൾ കടന്നുപോകുമ്പോഴുണ്ടാവുന്ന പൊടിപടലങ്ങൾ ഭക്ഷണ സാധനങ്ങളിൽ കലരുന്നതു മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ മറ്റൊരു വിഷയമാണെങ്കിലും നടപടികൾക്ക് സാദ്ധ്യതയൊന്നുമില്ല.
ലൈസൻസ് ഇല്ലാതെയാണ് തട്ടുകടകളിൽ പലതും പ്രവർത്തിക്കുന്നത്. ഭക്ഷണം നിർമ്മിച്ച് വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയിലാണ്. തട്ടുകടകൾ ഫുഡ്സേഫ്ടി രജിസ്ട്രേഷൻ നിർബന്ധമായും എടുത്തിരിക്കണമെന്നാണ് നിയമം. ഭൂരിഭാഗം തട്ടുകടകളും ഒാടകൾക്കു സമീപമാണ് പ്രവർത്തിക്കുന്നത്. ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയാൽ കടകൾ അടുത്ത ദിവസം സ്ഥലം അല്പം മാറ്റി പ്രവർത്തിപ്പിക്കുന്നതാണ് രീതി. നിലവാരമില്ലാത്ത എണ്ണയാണ് പലേടത്തും ഉപയോഗിക്കുന്നത്. ജോലിക്കാരിലധികവും അന്യസംസ്ഥാന തൊഴിലാളികളുമാണ്.
.......................
തട്ടുകട നിബന്ധനകൾ
# ഫുഡ് സേഫ്ടി രജിസ്‌ട്രേഷൻ നിർബന്ധം
# പരിസരം മാലിന്യമുക്തമായിരിക്കണം
# ഉപയോഗിക്കുന്ന വെള്ളം ശുദ്ധമായിരിക്കണം.
# പൊടി, കാറ്റ് എന്നിവയിൽനിന്ന് ഭക്ഷണം സൂക്ഷിക്കണം
# ഭക്ഷണാവശിഷ്ടങ്ങൾ അടപ്പുള്ള പാത്രങ്ങളിൽ ശേഖരിക്കണം
# പാചകക്കാർക്ക് മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വേണം
# പാചകക്കാർ വൃത്തിയുള്ള വസ്ത്രം ധരിക്കണം
# ഒരിക്കൽ ഉപയോഗിച്ച എണ്ണ ഉപയോഗിക്കരുത്.
........
ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്
തട്ടുകടകൾക്ക് അംഗീകൃത നിലവാരവും ഉപഭോക്താക്കൾക്ക് മികച്ച സൗകര്യങ്ങളും ലക്ഷ്യം വച്ചാണ് ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അഞ്ചു ജില്ലകളിൽ ഒന്ന് ആലപ്പുഴയാണ്. ആലപ്പുഴ ബീച്ചിൽ ഇതിന്റെ പരീക്ഷണം തുടങ്ങുകയും ചെയ്തു. ഭക്ഷണത്തിനൊപ്പം ചുറ്റുവട്ടവും മികച്ചതാക്കാനാണ് പദ്ധതിയിലൂടെ ശ്രമിക്കുന്നത്. പാചകത്തിന് അംഗീകൃത വസ്തുകൾ മാത്രമേ ഉപയോഗിക്കാവൂ. കുടിവെള്ളം, ഭക്ഷണം പാചകം ചെയ്യാനുള്ള വെള്ളം എന്നിവയുടെ ശുചിത്വം ഉറപ്പ് വരുത്തും. ഭക്ഷണം തയ്യാറാക്കുന്നവർക്ക് ഡ്രസ് കോഡും ആരോഗ്യപ്രശ്‌നമില്ലെന്നുള്ളതും ഉറപ്പാക്കും. അസുഖ ബാധിതർ അടക്കം ഭക്ഷണം പാചകം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത്.
..................................
'ഭക്ഷ്യസുരക്ഷ വകുപ്പ് ജില്ലയിലെ തട്ടുകടകളിൽ പരിശോധന നടത്തുന്നുണ്ട്. നിലവിൽ 70 ശതമാനം തട്ടുകടകളും രജിസ്ട്രേഷൻ ഉള്ളവയാണ്. പ്രവർത്തന സമയം രാത്രികാലത്തായതിനാൽ പരിശോധനയ്ക്ക് തടസമുണ്ട്. പരാതി ലഭിച്ചാൽ ആ സ്ഥലത്ത് പരിശോധനയ്ക്ക് എത്തുമ്പോൾ അവിടുന്ന് തട്ട് മാറ്റിയിരിക്കും'
(മുരളി, ജില്ലാ ഭക്ഷ്യസുരക്ഷാ ഒാഫീസർ)