കായംകുളം: ചാലാപ്പള്ളിപാലം നിർമ്മാണം എത്രയും പെട്ടെന്ന് ആരംഭിക്കുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നും പാലം പണി ആരംഭിക്കുന്നതുവരെ പ്രദേശവാസികൾക്ക് യാത്ര ചെയ്യുവാൻ താത്കാലിക സംവിധാനം ഉണ്ടാക്കുമെന്നും നഗരസഭാ ചെയർമാൻ എൻ.ശിവദാസൻ അറിയിച്ചു.
മണ്ണ് പരിശോധനാ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. റിപ്പോർട്ട് ലഭിച്ചാലുടൻ ഡിസൈൻ ലഭ്യമാക്കുന്നതിന് അപേക്ഷ നൽകും. എസ്റ്റിമേറ്റ് എടുത്ത് ടെൻഡർ നടപടി സ്വീകരിക്കും. ഇതിനുവേണ്ടി 50 ലക്ഷം രൂപയുടെ പ്രോജക്ട് ബഡ്ജറ്റിൽ നിർദ്ദേശിച്ചതിനുസരിച്ച് അംഗീകാരം ലഭിച്ചിട്ടുള്ളതാണ്. നഗരസഭയുടെ ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച് സർക്കാർ നിർദ്ദേശ പ്രകാരമുള്ള മാറ്റങ്ങൾ മാത്രമേ കൗൺസിൽ വരുത്തിയിട്ടുള്ളൂവെന്നും ചെയർമാൻ പറഞ്ഞു.

. ഇന്നലെ ചേർന്ന കൗൺസിൽ യോഗം ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു. പാലം നിർമ്മിക്കാൻ 50 ലക്ഷം രൂപാ ബഡ്ജറ്റിൽ അനുവദിച്ചത് അംഗീകരിക്കാൻ ചേർന്ന ബഡ്ജറ്റ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയവർ പിന്നീട് തുക വച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത് അപഹാസ്യമാണ്. ഇപ്പോൾ പാലം പണി ആരംഭിക്കുന്നതിനുള്ള നടപടികൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നതിനിടയിൽ കള്ളപ്രചരണം നടത്തി പ്രദേശവാസികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. നിജസ്ഥിതി ബോദ്ധ്യപ്പെടുത്തുവാൻ പ്രദേശവാസികളുടെ യോഗം ഉടൻതന്നെ വിളിക്കുമെന്നും ചെയർമാൻ അറിയിച്ചു.