ആലപ്പുഴ: മിസോറം നിയുക്ത ഗവർണർ പി.എസ്. ശ്രീധരൻപിള്ള ചെങ്ങന്നൂർ വെൺമണിയിലെ കുടുംബ വീടായ വാരിയർ മുറിയിലെത്തി അമ്മ ഭവാനിഅമ്മയുടെ അനുഗ്രഹം വാങ്ങി. സഹോദരനും അമ്മയുമാണ് കുടുംബവീട്ടിൽ താമസിക്കുന്നത്. പിള്ള വരുന്നതറിഞ്ഞ് അടുത്തുള്ള ബന്ധുക്കളെല്ലാം കുടുംബവീട്ടിലെത്തി. എല്ലാവരോടും സ്നേഹം പങ്കുവച്ച് പിള്ള അമ്മയ്ക്കൊപ്പമിരുന്നു. അക്കാഡമിക് മികവിനെക്കാൾ അനുഭവങ്ങളാണ് തന്നെ വളർത്തിയതെന്ന് അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. 'ആരോടും ആവശ്യപ്പെട്ട് വാങ്ങിയതല്ല ഗവർണർ പദവി. ജീവിതത്തിൽ ഇന്നുവരെ സ്ഥാനമാനങ്ങൾക്ക് വേണ്ടി ആരെയും സമീപിച്ചിട്ടില്ല. പാർട്ടി പറഞ്ഞത് അനുസരിക്കുകയായിരുന്നു." വിമർശനങ്ങൾ ജനാധിപത്യത്തിന്റെ മർമ്മരങ്ങളാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.
വെൺമണി സർപ്പക്കാവ് ക്ഷേത്രത്തിലും ദർശനം നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. സോമൻ അടക്കമുള്ള നേതാക്കളും ഒപ്പമുണ്ടായിരുന്നു.