ദുരന്ത ഭീഷണിയായി അമ്പലപ്പുഴയിലെ ജലസംഭരണികൾ
അമ്പലപ്പുഴ: ഉപയോഗശൂന്യമായ ജലസംഭരണികൾ അമ്പലപ്പുഴയിലെ വിവിധ ഭാഗങ്ങളിൽ നാട്ടുകാർക്ക് ഭീഷണിയായി തലപൊക്കി നിൽക്കുന്നു. 60,000 മുതൽ ഒരു ലക്ഷം ലിറ്റർ വരെ ജലം ഉൾക്കൊള്ളാൻ ശേഷിയുള്ള ഇവയിൽ ഭൂരിഭാഗത്തിലും വെള്ളം അവശേഷിക്കുന്നുമുണ്ട്.
അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ കരുമാടി, അമ്പലപ്പുഴ തെക്കേ നട, വടക്ക് പഞ്ചായത്തിലെ കഞ്ഞിപ്പാടം, പുറക്കാട് പഞ്ചായത്തിലെ പുന്തല, പുന്നപ്ര പഞ്ചായത്തിലെ കിഴക്കൻ മേഖല എന്നിവിടങ്ങളിലെല്ലാം ഉപയോഗ ശൂന്യമായ ജലസംഭരണികളുണ്ട്. ചോർച്ച കാരണം നിലം പൊത്താവുന്ന അവസ്ഥയിലാണ് ഇവയിൽ പലതും. കരുമാടിയിലും കഞ്ഞിപ്പാടത്തും റോഡരികിലാണ് ജലസംഭരണി സ്ഥിതി ചെയ്യുന്നത്. കഞ്ഞിപ്പാടത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമാണ് ഇതിലൊന്ന്. ആശുപത്രിയിലേക്ക് പോകുന്നവർ ഇതിനു താഴെക്കൂടിയാണ് സഞ്ചരിക്കുന്നത്.
ആലപ്പുഴ കുടിവെള്ള പദ്ധതി നിലവിൽ വന്നതോടെയാണ് ജലസംഭരണികൾ ഉപയോഗ ശൂന്യമായിത്തുടങ്ങിയത്. മുമ്പ് ഈ സംഭരണികൾക്കു സമീപം തന്നെ പമ്പ് ഹൗസുകളും ഉണ്ടായിരുന്നു. കുടിവെള്ള പദ്ധതി വന്നതോടെ കരുമാടിയിലെ ട്രീറ്റ്മെന്റ് പ്ളാന്റിൽ നിന്ന് പൈപ്പ് വഴിയാണ് വെള്ളം വിതരണം ചെയ്യുന്നത്. ഇതോടെ ജലസംഭരണികളുടെ പ്രാധാന്യം ഇല്ലാതായി. 50 വർഷത്തോളം പഴക്കമുള്ള സംഭരണികളും ഇക്കൂട്ടത്തിലുണ്ട്.
പുറക്കാട് പുന്തലയിൽ ദേശീയ പാതയ്ക്ക് സമീപമാണ് ജലസംഭരണി. അപകടാവസ്ഥയിലായ പഴയ ജലസംഭരണികൾ പൊളിച്ച് മാറ്റാൻ ഇതുവരെ നടപടിയായിട്ടില്ല. ചിലത് പ്രവർത്തനം തുടങ്ങി അധികനാൾ തികയുന്നതിനു മുമ്പുതന്നെ പ്രവർത്തന ക്ഷമമല്ലാതായപ്പോൾ ഉപേക്ഷിച്ചതാണ്. കഴിഞ്ഞ പത്ത് വർഷങ്ങളിലായി ജലം സംഭരിക്കാത്ത സംഭരണികളും അപകട ഭീഷണിയിലുണ്ട്. ഇവ അടിയന്തിരമായി പൊളിച്ചുമാറ്റാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.