യന്ത്രത്തിലെ പരിശീലനം ഫലവത്തായില്ല
അമ്പലപ്പുഴ: തെങ്ങുകയറ്റക്കാരെ കിട്ടാനില്ലാത്തതിനാൽ കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിൽ കേരകർഷകർ വലയുന്നു. ഉണങ്ങി വീഴുന്ന തേങ്ങകൾക്കൊപ്പം തെങ്ങുകളും ഉണങ്ങാൻ തുടങ്ങിയതോടെ വലിയ നഷ്ടമാണ് ഈ മേഖലയിൽ ഉണ്ടാവുന്നത്.
പരമ്പരാഗത തെങ്ങുകയറ്റ തൊഴിലാളികൾ രംഗം വിട്ടതോടെ നാളികേര വികസന ബോർഡിന്റെ മേൽനോട്ടത്തിൽ തെങ്ങുകയറ്റ യന്ത്രങ്ങളിൽ തൊഴിലാളികൾക്ക് ഏഴു ദിവസം പരിശീലനം നൽകിയിരുന്നു. 900 രൂപയായിരുന്നു സ്റ്റൈപ്പെൻഡ്. ഒരുലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയും ഏർപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് മൊത്തം 5000 യുവതീ യുവാക്കൾക്ക് പരിശീലനം നൽകുകയായിരുന്നു ലക്ഷ്യം. എന്നാലിത് വേണ്ടവിധം ഫലപ്രദമായില്ല.
നേരത്തെ തെങ്ങൊന്നിനു അഞ്ചു മുതൽ 15 രൂപ വരെയായിരുന്നു തെങ്ങുകയറ്റ തൊഴിലാളികൾക്ക് കൂലിയായി ലഭിച്ചിരുന്നത്. പിന്നീടത് 20 മുതൽ 30 വരെയായി. നിലവിൽ 40-50 രൂപയുണ്ട്. ഇത്രയും കൂലിക്കു പോലും തൊഴിലാളികളെ കിട്ടാത്ത അവസ്ഥയുമുണ്ട്. കൃഷി ഭവനും തദ്ദേശ സ്ഥാപനങ്ങളും തെങ്ങുകയറ്റ പരിശീലനത്തിന് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്നും ആരോപണമുണ്ട്. നിലവിലുള്ള തൊഴിലാളികൾക്കാവട്ടെ, സർക്കാരിൽ നിന്ന് തൊഴിൽ അപകട സംരക്ഷണങ്ങളും ലഭിക്കുന്നില്ല.
..............................
# തെങ്ങോളം പൊക്കത്തിൽ പ്രശ്നങ്ങൾ
പരമ്പരാഗത തൊഴിലാളികൾ ശാരീരിക അവശതയിൽ
തേങ്ങയുടെ വിലയിടിവ് മറ്റൊരു ഘടകം
പുതുതലമുറയ്ക്ക് തെങ്ങുകയറ്റത്തോട് താത്പര്യമില്ല
മേഖലയിലുള്ളത് നാമമാത്രമായ തൊഴിലാളികൾ
തെങ്ങുകയറ്റ യന്ത്രത്തിലെ പരിശീലനം ലക്ഷ്യത്തിലെത്തുന്നില്ല
......................................
'തെങ്ങു കയറ്റ മേഖലയിലുള്ള തൊഴിലാളികൾക്ക് ജോലിക്കിടെ അപകടം സംഭവിച്ചാൽ വീട്ടുകാർ സഹിക്കേണ്ട അവസ്ഥയാണ്. സർക്കാരിൽ നിന്ന് അർഹമായ പരിഗണന ലഭിക്കുന്നില്ല. പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങളൊക്കെ വ്യാപകമായതോടെ പരമ്പരാഗത തൊഴിലാളികൾക്ക് തെങ്ങുകയറ്റം തുടരാനാവാത്ത സ്ഥിതിയാണിപ്പോൾ'
(ഓമനക്കുട്ടൻ, തെങ്ങുകയറ്റ തൊഴിലാളി, കരുവാറ്റ)