ഹരിപ്പാട്: വാളയാറിലെ കൊല്ലപ്പെട്ട പെൺകുട്ടികൾക്ക് നീതിക്കായി പോരാടിയ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബുവിനെ തല്ലിച്ചതച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യുവമോർച്ച ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം യുവമോർച്ച പ്രവർത്തകർ ദീപം തെളിച്ച് പെൺകുട്ടികൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. തുടർന്നു നടന്ന യോഗം ബി.ജെ.പി മണ്ഡലം ജന.സെക്രട്ടറി പ്രണവം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ഷാജി കരുവാറ്റ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് സൂരജ് പള്ളിപ്പാട് അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം മഹേഷ്, മണ്ഡലം ഭാരവാഹികളായ അജിത്ത്, പ്രവീൺ, ജിതേഷ്, ലിപിൻ, ശ്രീജിത്ത്, മനു, ജയശാന്ത് എന്നിവർ നേതൃത്വം നൽകി.