ഹരിപ്പാട്: കടൽക്ഷോഭത്തിൽ നിന്നും വീടിനെ സംരക്ഷിക്കാൻ മണൽ നിരത്തുന്നതിനിടെ തിരമാല അടിച്ച് കടലിൽ വീണ് പരിക്കേറ്റു. വട്ടച്ചാൽ തോച്ചയിൽ വീട്ടിൽ വിശ്വരാജനാണ് തലയ്കക്കും ശരീരത്തിലും പരിക്കേറ്റത്. കടൽ തീരത്ത് സ്ഥിതി ചെയ്യുന്ന വീട് കഴിഞ്ഞ കുറേ വർഷങ്ങളായി സ്വന്തം കയ്യിൽ നിന്നും പണം മുടക്കിയാണ് മണ്ണടിച്ച് ഉയർത്തി സംരക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ കടൽ ക്ഷോഭത്തിൽ വീട് തകരാതിരിക്കാൻ ജെ.സി.ബി ഉപയോഗിച്ച് മണ്ണടിച്ച് കൊണ്ടിരുന്നപ്പോൾ ശക്തമായ തിരമാലയിൽ വിശ്വരാജൻ കടലിലേക്ക് വീഴുകയായിരുന്നു. ഒരു ലക്ഷത്തിലധികം തുക മുടക്കിയാണ് കഴിഞ്ഞ ദിവസം മണൽ അടിച്ച് നിരത്തിയത്. വീട് അപകട ഭീഷണിയിലായിട്ടും, വീടിനെ സംരക്ഷിക്കുന്നതിനിടെ ഉടമയ്ക്ക് അപകടം സംഭവിച്ചിട്ടും അധികാരികൾ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.