ചേർത്തല: യു.ഡി.എഫിലെ മുൻധാരണ പ്രകാരം ചേർത്തല മുനി​സി​പ്പൽ ചെയർമാൻ പി.ഉണ്ണിക്കൃഷ്ണൻ രാജിവച്ചു. ഇന്നലെ കൗൺസിൽ യോഗം വിളിച്ചാണ് രാജി പ്രഖ്യാപിച്ചത്.തുടർന്നു സെക്രട്ടറിക്കു രാജിക്കത്ത് കൈമാറി.

അവസാന ഒരു വർഷം കേരള കോൺഗ്രസ്(എം)ലെ വി.ടി.ജോസഫിന് ചെയർമാൻ സ്ഥാനം നൽകാനാണ് യു.ഡി.എഫിൽ നേരത്തെയുള്ള ധാരണ. ആദ്യ രണ്ടര വർഷം കോൺഗ്രസിലെ ഐസക്ക്മാടവനയും തുടർന്ന് ഒരു വർഷവും മൂന്നുമാസവും പി. ഉണ്ണികൃഷ്ണനും ചെയർമാൻ സ്ഥാനം വഹിച്ചു.
നേതൃമാ​റ്റം സംബന്ധിച്ച തർക്കങ്ങൾക്കും വിവാദങ്ങൾക്കും വഴിവെക്കാതെയാണ് ഉണ്ണിക്കൃഷ്ണൻ ചെയർമാൻ സ്ഥാനം ഒഴിഞ്ഞത്.
പ്രവർത്തനകാലയളവിൽ രാഷ്ട്രീയത്തിനപ്പുറം ജനങ്ങളുടെ വിഷയങ്ങൾക്ക് മുൻതൂക്കം നൽകി പ്രവർത്തിക്കാനായതായി പി.ഉണ്ണികൃഷ്ണൻ പറഞ്ഞു.പ്രളയകാലത്ത് ജനങ്ങളെ ഒന്നിപ്പിച്ച് സംസ്ഥാനത്ത് തന്നെ മാതൃകയായി പ്രവർത്തിക്കാൻ കഴിഞ്ഞതാണ് ഏ​റ്റവും സന്തോഷം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൃഷി ഭവൻ നിർമ്മാണം അന്തിമഘട്ടത്തിലാക്കാനും മുനിസിപ്പൽ മൈതാനം,റോഡുകളുടെ പൂർത്തീകരണം,52 ടോയ്‌ല​റ്റുകളുടെ നിർമ്മാണം തുടങ്ങി നിരവധി പദ്ധതികൾ ഏ​റ്റെടുത്ത് അന്തിമ ഘട്ടത്തിലാക്കാനും കഴിഞ്ഞതായി പി.ഉണ്ണികൃഷ്ണൻ പറഞ്ഞു.സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ബി.ഭാസിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.