ഹരിപ്പാട് : കരുവാറ്റ എസ്. എൻ കടവിന് സമീപം വീടിനോട് ചേർന്ന ഷെഡിൽ പ്ലാസ്റ്റിക് ചാക്കുകളിൽ സൂക്ഷിച്ചിരുന്ന റേഷനരി കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പിടികൂടി. ഹരിപ്പാട് പൊലീസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ പത്തുമണിയോടെയാണ് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലെത്തിയ സംഘം പരിശോധന നടത്തിയത്. താറാവ് കർഷകനായ യൂസഫിന്റെ വീടിനോട് ചേർന്ന ഷെഡിൽ നിന്നുമാണ് 70 ക്വിന്റൽ റേഷനരി കണ്ടെത്തിയത്. താറാവിന് നൽകാൻ വാങ്ങിയ അരിയാണെന്നാണ് യുസഫ് പറഞ്ഞത്. എന്നാൽ അരിവാങ്ങിയതിന്റെ ബില്ലോ മറ്റു രേഖകളോ ഇല്ലാത്തതിനാലാണ് അരി പിടിച്ചെടുത്തതെന്ന് സപ്ലൈ ഓഫീസർ പറഞ്ഞു. പിടിച്ചെടുത്ത അരി ഹരിപ്പാട് എൻ.എഫ്.എസ്.എ ഗോഡൗണിലേക്ക് മാറ്റും.. പരിശോധനയിൽ അസിസ്റ്റന്റ് സപ്ലൈ ഓഫീസർ ശിവപ്രസാദ്, റേഷൻ ഇൻസ്പെക്ടർമാരായ സുധീഷ്, ബിജേഷ് കുമാർ, ബിജു.എസ് എന്നിവരും പങ്കെടുത്തു.