മാവേലിക്കര: ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ നടക്കുന്ന മഹാഭാരതം തത്ത്വസമീക്ഷ അന്താരാഷ്ട്ര സാംസ്ക്കാരികോത്സവത്തിന്റെ യജ്ഞശാലയ്ക്കുള്ള പന്തലിന്റെ കാൽ നാട്ടുകർമ്മത്തിന്റെ ഘോഷയാത്ര ഇന്നലെ രാവിലെ തിരുവൻവണ്ടുർ ക്ഷേത്രസന്നിധിയിൽ നിന്നും ആരംഭിച്ചു. ശബരിമല തന്ത്രി കണ്ടരര് മോഹനര് ദീപ പ്രകാശനം നടത്തി. ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ഭാരവാഹികളായ ആർ.രാജേഷ് കുമാർ, പി.രാജേഷ്, പി.കെ റജികുമാർ, എം.മനോജ് കുമാർ, തിരുവൻവണ്ടൂർ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ആർ.ഡി രാജീവ്, സെക്രട്ടറി സുധീഷ് കുമാർ എന്നിവർ പങ്കെടുത്തു.
ഘോഷയാത്ര വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി മറ്റം നരസിംഹസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. അവിടെനിന്ന് പേള, മറ്റം തെക്ക്, മറ്റം വടക്ക്, ആഞ്ഞിലിപ്രാ, കടവൂർ, കണ്ണമംഗലം വടക്ക്, കണ്ണമംഗലം തെക്ക് എന്നീ കരകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കണ്ണമംഗലം മഹാദേവക്ഷേത്രത്തിൽ സമാപിച്ചു. ഇന്ന് രാവിലെ 7ന് ഘോഷയാത്ര കൈതതെക്ക്, മേനാമ്പള്ളി, നടക്കാവ്, ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈതവടക്ക് എന്നി കരകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി 10 മണിയോടെ ചെട്ടികുളങ്ങര ദേവീക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും. തുടർന്ന് 11.40നും 12നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ യജ്ഞശാലയുടെ കാൽനാട്ടുകർമ്മം.