ശിലാസ്ഥാപനം നവംബർ 10ന്
ആലപ്പുഴ : പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം കൂട്ടുംവാതുക്കൽ കടവ് പാലത്തിന്റെ നിർമ്മാണം ആരംഭിക്കുന്നു. ശിലാസ്ഥാപനം നവംബർ 10 ന് വൈകിട്ട് 4 ന് മന്ത്രി ജി.സുധാകരൻ നിർവ്വഹിക്കും.
മന്ത്രി ഡോ. ടി.എം.തോമസ് ഐസക് മുഖ്യാതിഥിയാകും. അഡ്വ. പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കായംകുളം മുൻസിപ്പൽ ചെയർമാൻ എൻ. ശിവദാസൻ സ്വാഗതം പറയും.
ദേവികുളങ്ങര, ആറാട്ടുപുഴ, കണ്ടല്ലൂർ പഞ്ചായത്തുകൾക്കും കായംകുളം നഗരസഭയ്ക്കും പ്രയോജനപ്രദമാകുന്ന തരത്തിലാണ് പാലം നിർമ്മിക്കുന്നത്. കായലിന് പടിഞ്ഞാറ് വശത്തുള്ള 300 ഓളം കുടുംബങ്ങൾക്ക് ഇതുവരെയില്ലാതിരുന്ന യാത്രാസൗകര്യമാണ് പാലം യാഥാർത്ഥ്യമാകുന്നതിലൂടെ ലഭ്യമാകുക.
കായലിന്റെ കിഴക്ക് .പടിഞ്ഞാറ് കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. പാലം സാക്ഷാത്കരിക്കപ്പെട്ടത് നാടിന്റെ ഐക്യത്തിൻറെ ഫലമായിട്ടാണെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു.
50 കോടി
പൊതുമരാമത്ത് വകുപ്പിന്റെ പ്രത്യേക ഫണ്ടിൽ നിന്ന് 50 കോടി രൂപയാണ് മന്ത്രി ജി.സുധാകരൻ പാലം നിർമ്മാണത്തിന് അനുവദിച്ചത്. പാലത്തിന്റെ നിർമ്മാണ ചെലവ് 40 കോടിയാണ്. സ്ഥലമെറ്റെടുക്കുന്നതിന് ബാക്കി തുക വിനിയോഗിക്കും. ആറന്മുള പാലം നിർമ്മിച്ച എം.എം.മാത്യു ആണ് പാലം നിർമ്മാണത്തിന്റെ കരാർ ഏറ്റെടുത്തിട്ടുള്ളത്. കരാറുകാരൻ നിർമ്മാണ സാമഗ്രികൾ എത്തിച്ച് തുടങ്ങിയതായി മന്ത്രി ജി.സുധാകരന്റെ ഓഫീസ് അറിയിച്ചു.