ambala

 മെഡി. ആശുപത്രിയിൽ വണ്ണംകുറയ്ക്കൽ ശസ്ത്രക്രിയ വിജയം

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആദ്യമായി നടത്തിയ വണ്ണംകുറയ്ക്കൽ ശസ്ത്രക്രിയ പൂർണ്ണ വിജയം.

135 കിലോ ശരീര ഭാരമുണ്ടായിരുന്ന, അടൂർ പഴകുളം ആദിത്യ നിവാസിൽ സുരേഷിന്റെ ഭാര്യ ശ്രീജയ്ക്കാണ് (39) കഴിഞ്ഞ ദിവസം 'ബാരിയോട്രിക്' ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ ആശുപത്രികളിൽ ആറു ലക്ഷം രൂപയെങ്കിലും ചെലവു വരുന്ന ശസ്ത്രക്രിയ ഒന്നര ലക്ഷം രൂപയ്ക്കാണ് മെഡി. ആശുപത്രിയിൽ നടത്തിയത്. ആറ് മാസം കഴിഞ്ഞ് വണ്ണം ക്രമേണ കുറഞ്ഞ് സാധാരണ നിലയിലാകുമെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ സർജറി വിഭാഗം അഡിഷണൽ പ്രൊഫസർ ഡോ. എസ്.കെ. അജയകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ എന്നിവർ പറഞ്ഞു.

10 വർഷം മുൻപ് പ്രസവശേഷമാണ് ശ്രീജ വണ്ണം വച്ചു തുടങ്ങിയത്. തുടർന്ന് പ്രമേഹവും ശ്വാസതടസവും അനുഭവപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദൈനംദിന ജോലി പോലും ചെയ്യാൻ കഴിയാതെ ശ്രീജ മെഡി. ആശുപത്രിയിലെ ഒ.പിയിൽ എത്തുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം ശ്രീജ സുഖം പ്രാപിച്ച് വരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാനാവുമെന്നും ഡോക്ടർമാർ പറഞ്ഞു.

ശസ്ത്രക്രിയയിൽ ഡോക്ടർമാരായ വി.വി. മനോജ്, കെ. അനിൽകുമാർ, വിഷ്ണു, രാം കുമാർ, പ്രൊഫ. ലിന്നറ്റ് ജെ.മോറീസ്, നന്നചന്ദ്രൻ, സജിത്ത്, തോമസ്‌, സ്റ്റാഫ് നഴ്സ് ജസീന എന്നിവരും പങ്കെടുത്തു. ശസ്ത്രക്രിയ വിജയകരമായി നടത്തിയ ഡോക്ടർമാരെ ആശുപത്രി സൂപ്രണ്ട് അഭിനന്ദിച്ചു.