ganapthy-2

 യാത്രക്കാരുടെ സുരക്ഷിത്വം ഉറപ്പാക്കി ശ്രീ ഗണപതി ബസ്


ചാരുംമൂട്: ജീവനക്കാരുടെ പേസ്റ്റും ബ്രഷും സൂക്ഷിക്കുന്ന ഫസ്റ്റ് എയ്ഡ് ബോക്സ്... നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കും വിധം പ്രാണൻതല്ലിയുള്ള പരക്കംപാച്ചിൽ... കതകില്ലാത്ത വാതിലിലെ 'കിളിശല്യം'... വിദ്യാർത്ഥികളെ കാണുമ്പോൾ കണ്ണടച്ചുള്ള പോക്ക്... സ്വകാര്യ ബസുകൾക്ക് പരമ്പരാഗതമായി കിട്ടിക്കൊണ്ടിരിക്കുന്ന ഈ പേരുദോഷങ്ങൾ ഒന്നു മാറ്റിപ്പിടിക്കാൻ ഹൈടെക് മാർഗ്ഗം തന്നെ തിരഞ്ഞെടുത്തിരിക്കുകയാണ് കായംകുളം- അടൂർ- പത്തനംതിട്ട റൂട്ടിൽ സർവ്വീസ് നടത്തുന്ന 'ശ്രീ ഗണപതി' ബസ്.

യാത്രക്കാരുടെ സുരക്ഷയും വാഹനത്തെ നിരീക്ഷിക്കാനുള്ള സൗകര്യവും ഒരേപോലെ കോർത്തിണക്കിയാണ് ശ്രീ ഗണപതി മോട്ടോഴ്സിന്റെ ശ്രീ ഗണപതി ബസ് സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. നാല് കാമറകൾ ബസിലുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ബസ് യാത്രയിൽ സാമൂഹ്യവിരുദ്ധർ നടത്തുന്ന അതിക്രമങ്ങൾ കണ്ടെത്തുകയാണ് കാമറകളുടെ ലക്ഷ്യം. മാലമോഷണം അടക്കമുള്ള കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാനും കാമറകൾ സഹായിക്കും. ജി.പി.എസ് (ഗ്ളോബൽ പൊസിഷനിംഗ് സിസ്റ്റം), എ.ബി.എസ് (ആന്റിലോക് ബ്രേക്ക് സിസ്റ്റം) എന്നിവയും സജ്ജമാണ്. സ്ഥിരം യാത്രക്കാർക്ക് ബസ് എവിടെയെത്തിയെന്നും തങ്ങളുടെ സ്റ്റോപ്പിൽ എപ്പോഴെത്തുമെന്നും മൊബൈൽ ആപ്ളിക്കേഷൻ വഴി അറിയാൻ കഴിയും. ഈ റൂട്ടിൽ ഇത്രയും സംവിധാനങ്ങളുള്ള ഏക ബസാണ് ശ്രീഗണപതിയെന്ന് ഗ്രൂപ്പ് ഡയറക്ടർ വിനേഷ് പറഞ്ഞു.

 ജീവകാരുണ്യവും

കെ-പി റോഡിൽ സർവീസ് നടത്തുന്ന ഗണപതി ഗ്രൂപ്പ് ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധ നേടിയിട്ടുണ്ട്. അപകടത്തിൽപ്പെട്ട രോഗിയുമായി പോകവേ വെട്ടിക്കോടിനടുത്ത് കഴിഞ്ഞ വർഷമുണ്ടായ അപകടത്തിൽ മരിച്ച ആംബുലൻസ് ഡ്രൈവർ ബ്ലെസന് ഒരുലക്ഷം രൂപ കളക്ഷനിൽ നിന്ന് നൽകി സഹായിച്ചിരുന്നു.

......................................

'യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ബസ് ബോഡികോഡ് പ്രകാരം നിർമ്മിച്ച വാഹനമാണിത്. സുരക്ഷ സംവിധാനങ്ങൾ ശ്രദ്ധേയമാണ്. ലൊക്കേഷനും ഡാറ്റയും റെക്കോർഡ് ചെയ്യുമെന്നതിനാൽ മുൻ ദിവസങ്ങളിലെ കാര്യങ്ങളും ലഭ്യമാകും'

(എം. സിയാദ്, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ,
കായംകുളം)