kidagamparambu

ആലപ്പുഴ : മാലി​ന്യ സംഭരണത്തി​ന് നഗരസഭ സ്ഥാപി​ച്ച എയ്റോബി​ക് ബി​ന്നുകൾ ചീഞ്ഞുനാറുന്നതായി​ പരാതി​. ഇതി​ൽ നി​ക്ഷേപി​ക്കപ്പെട്ടി​ട്ടുള്ള മാലി​ന്യങ്ങൾ യഥാസമയം നീക്കം ചെയ്യാത്തതാണ് കാരണം. ബി​ന്നുകൾ നി​റഞ്ഞു കി​ടക്കുന്നതു കാരണം മാലി​ന്യം പ്ളാസ്റ്റി​ക് കി​റ്റുകളി​ലാക്കി​ ഇതി​ന് സമീപം നി​ക്ഷേപി​ച്ചു മടങ്ങുകയാണ് പലരും.

പരിസരശുചീകരണം ലക്ഷ്യമാക്കിയാണ് എയ്റോബിക് ബിന്നുകൾ നഗരസഭ സ്ഥാപിച്ചത്. റോഡരി​കിലുള്ള മാലിന്യവും ബിന്നുകളിൽ നിക്ഷേപിച്ചവയും യഥാസമയം നഗരസഭ എടുത്തുമാറ്റുന്നില്ലെന്നാണ് പരാതി. മഴ ശക്തമായതോടെ മാലിന്യം വെള്ളത്തിൽ വ്യാപിച്ച് ബിന്നുകളുടെ പരിസരമാകെ നിറഞ്ഞ് കിടക്കുകയാണ്. മാലിന്യം നിറഞ്ഞ് കിടക്കുന്നത് മൂലം തെരുവ്‌ നായ്ക്കളുടെ ശല്യവും വർദ്ധിച്ചു.

കിടങ്ങാംപറമ്പ് ക്ഷേത്രത്തിനു കിഴക്കുവശമുള്ള ജംഗ്ഷനിൽ സി.വൈ.എം.എ റോഡിന്റെ തെക്കേ അറ്റത്തുള്ള എയ്റോബിക് കമ്പോസ്റ്റ് പ്ലാന്റിൽ നി​റഞ്ഞു കി​ടക്കുന്ന മാലിന്യം പരിസരവാസികൾക്ക് തലവേദനയാകുകയാണ്. ഇടുങ്ങിയ സ്ഥലത്ത് റോഡിലേക്കു ചേർന്നാണ് ഇവിടെ ബിൻ പണിതിട്ടുള്ളത്. റോഡിന്റെ വീതിക്കുറവും ജംഗ്ഷനി​ലെ വളവും കാരണം ബി​ന്നി​നെ തൊട്ടുരുമ്മി​ അപകടകരമായ രീതിയിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. പ്ലാന്റിന്റെ സമീപം ഒഴിഞ്ഞ മദ്യക്കുപ്പികളുടെ വൻകൂമ്പാരവുമുണ്ട്.

 ദീർഘവീക്ഷണമില്ലാതെ

ദീർഘവീക്ഷണമില്ലാതെയും ഗതാഗതതടസം ഉണ്ടാക്കുന്ന തരത്തിലുമാണ് നഗരത്തിൽ പലേടത്തും എയ്റോബിക് ബിന്നുകൾ സ്ഥാപിച്ചിട്ടുള്ളതെന്ന് ആക്ഷപമുയരുന്നു. ബസ് ബേയ്ക്കുള്ള സ്ഥലം അപഹരിച്ചാണ് എസ്.ഡി.വി ഗ്രൗണ്ടിനു സമീപമുള്ള എയ്റോബിക് പ്ലാന്റ് സ്ഥാപിച്ചത്. വഴിച്ചേരിയിലെ സ്വകാര്യബസ് സ്റ്റാൻഡ് നിർമ്മാണം പൂർത്തിയായി വന്നിരുന്ന സമയത്ത് അതിനു എതിർവശത്ത് പ്ലാന്റ് നിർമ്മിക്കരുതെന്നു ആവശ്യപ്പെട്ടിട്ടും പരിഗണിച്ചില്ല. തൊട്ടുചേർന്നു തന്നെ വലിയ ഒരു പ്ലാന്റ് നിലവിലുള്ളതിനാൽ റോഡുവക്കിലുളള അല്പ സ്ഥലം ബസ്‌ബേയ്ക്കും പാർക്കിംഗിനുമായി നീക്കി വയ്ക്കണമെന്ന ആവശ്യമാണ് അവഗണിക്കപ്പെട്ടത്.

ജൈവമാലിന്യങ്ങൾ ഉൾക്കൊള്ളാനുള്ള ഇടം നഗരത്തിലെ എയ്റോബിക് പ്ലാന്റുകളിൽ വളരെ പരിമിതമാണ്.

'' ജൈവമാലിന്യം ആളുകൾ ബിന്നുകളിൽ നിക്ഷേപിക്കും. പ്ലാസ്റ്റിക് മാലിന്യമാണ് മാറ്റിവയ്ക്കുന്നത്. ഇവ ശുചിത്വമിഷൻ ശേഖരിക്കും. ആവശ്യമുള്ളതിന്റെ പകുതിയോളം ബിന്നുകൾ മാത്രമേ നിലവിൽ നഗരത്തിലുള്ളൂ

ഇല്ലിക്കൽ കുഞ്ഞുമോൻ,നഗരസഭ ചെയർമാൻ