 ഇംപ്ളാന്റ് നൽകിയ വകയിൽ കിട്ടാനുള്ളത് ഒരു കോടി

ആലപ്പുഴ: നിർദ്ധന രോഗികൾക്ക് വിലക്കുറവിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ (ഇംപ്ളാന്റുകൾ) ലഭ്യമാക്കിയിരുന്ന, കേന്ദ്ര പൊതുമേഖല സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് ആലപ്പുഴ മെഡി. ആശുപത്രിയുമായുള്ള 'കച്ചവടം' അവസാനിപ്പിക്കുന്നു. ഉപകരണങ്ങൾ വാങ്ങിയ വകയിലുള്ള കുടിശികയായ ഒരു കോടി രൂപ നൽകാൻ ആശുപത്രി മാനേജ്മെന്റ് വീഴ്ച വരുത്തിയതിനാൽ ഇടപാട് നിറുത്തിവയ്ക്കുകയാണെന്ന് ചൂണ്ടിക്കാട്ടി, ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന എച്ച്.എൽ.എൽ ഫാർമസി മാനേജർ സൂപ്രണ്ടിന് കത്തു നൽകി.

കഴിഞ്ഞ 20 മാസം ഇംപ്‌ളാന്റ് നൽകിയ ഇനത്തിലാണ് കുടിശികയുള്ളത്. ഈ തുക കിട്ടിയിട്ട് ഇംപ്‌ളാന്റ് വിതരണം തുടർന്നാൽ മതിയെന്നാണ് എച്ച്.എൽ.എൽ ഫാർമാസിയുടെ തീരുമാനം. ഇത് മെഡി. ആശുപത്രിയിലെ ശസ്ത്രക്രിയകളെ ബാധിക്കും. സ്വകാര്യ മേഖലയെക്കാൾ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിലാണ് എച്ച്.എൽ.എൽ ഫാർമസിയിൽ നിന്ന് ഇംപ്ളാന്റുകൾ നൽകിയിരുന്നത്. ഇത് മുടങ്ങുന്നതോടെ സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ട ഗതികേട് നിർദ്ധന രോഗികൾക്കുമുണ്ടാവും.

പണ്ടും ഇതേപോലെ പ്രതിസന്ധിയുണ്ടായപ്പോൾ ആശുപത്രി മാനേജ്മെന്റ് നൽകിയ ഉറപ്പിനെത്തുടർന്ന് ഫാർമസിയിൽ നിന്ന് വീണ്ടും ഉപകരണങ്ങൾ നൽകുകയായിരുന്നു. എന്നാൽ വാക്കുപാലിക്കാൻ ആശുപത്രി അധികൃതർക്കു കഴിഞ്ഞില്ല.

കാർഡിയോളജി, കാർഡിയോതെറാപ്പി, ഓർത്തോ വിഭാഗങ്ങളിലാണ് ഇംപ്‌ളാന്റ് കൂടുതലായി വാങ്ങിയിരുന്നത്. മാസം 20-25 ലക്ഷം രൂപയുടെ വരെ ഇടപാട് ആശുപത്രിയുമായി നടന്നിരുന്നു. കഴിഞ്ഞ ഒരു വർഷമായി മെഡി. ആശുപത്രി അധികൃതർ ഇംപ്‌ളാന്റ് വിലയായി ഒരു രൂപപോലും എച്ച്.എൽ.എല്ലിന് നൽകിയിട്ടില്ല.

 'സ്വകാര്യ' താത്പര്യം

മെഡി. ആശുപത്രി അധികൃതർക്ക് എച്ച്.എൽ.എല്ലി​നെ ഒഴി​വാക്കി​ സ്വകാര്യ കമ്പനി​കളെ ആശ്രയി​ക്കാനാണ് താത്പര്യമേറെയെന്ന് ആക്ഷേപമുണ്ട്. ഇടപാടുമായി​ ബന്ധപ്പെട്ടു നി​ൽക്കുന്നവർക്കുള്ള കമ്മി​ഷൻ ആണ് പ്രധാന ആകർഷകണം. ആശുപത്രി​ വളപ്പി​ൽ എച്ച്.എൽ.എൽ പ്രവർത്തനം തുടങ്ങി​ ഏറെ നാളുകൾക്കു ശേഷമാണ് ആശുപത്രി​യുമായി​ ഇടപാട് തുടങ്ങാനായത്. എച്ച്.എൽ.എൽ വന്ന ശേഷവും സ്വകാര്യ സ്ഥാപനങ്ങളി​ൽ നി​ന്ന് ഇംപ്ളാന്റുകളും മറ്റ് ശസ്ത്രക്രി​യ ഉപകരണങ്ങളും വാങ്ങി​ ആശുപത്രി​ അധി​കൃതർ വി​ധേയത്വം കാട്ടി​യി​രുന്നത് വി​വാദമായി​രുന്നു.

........................................

'കുടി​ശി​ക തുകയുമായി​ ബന്ധപ്പെട്ട് എച്ച്.എൽ.എൽ അധികൃതരുമായി സംസാരിച്ച് പരിഹാരം കണ്ടെത്തും'

(ഡോ. ആർ.വി​. രാംലാൽ, സൂപ്രണ്ട്,

മെഡിക്കൽ കോളേജ് ആശുപത്രി, ആലപ്പുഴ)