ambala

 അന്തിമഘട്ട നിർമ്മാണം ദ്രുതഗതിയിൽ

അമ്പലപ്പുഴ: അമ്പലപ്പുഴ- ഹരിപ്പാട് റെയിൽപ്പാത ഇരട്ടിപ്പിക്കൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഈ വർഷം ഡിസംബറോടെ ഇരട്ടപ്പാത കമ്മിഷൻ ചെയ്യുന്നതിന്റെ ഭാഗമായി റെയിൽവേ ഡെപ്യൂട്ടി ചീഫ് എൻജിനിയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയിരുന്നു.

അമ്പലപ്പുഴ മുതൽ തകഴി കുന്നുമ്മ വരെയുള്ള ആറ് കിലോമീറ്റിൽ 260 മീറ്റർ വരെ നീളമുള്ള പാളങ്ങൾ ഇതിനകം ഉറപ്പിച്ചു കഴിഞ്ഞു. ഹരിപ്പാട് റെയിൽവേ സ്റ്റേഷൻ മുതൽ ആചാര്യ ഗേറ്റ് വരെയുള്ള മൂന്നു കിലോമീറ്ററിലും നീളം കൂടിയ പാളങ്ങൾ ഉറപ്പിക്കുന്ന ജോലികൾ പൂർത്തിയായി. പഴയ രീതിയിലുള്ള പാളങ്ങൾ ഉപയോഗിച്ചാൽ 13 മീറ്റർ വീതം അകലത്തിൽ വെൽഡിംഗ് വേണ്ടിവരും. എന്നാൽ പുതിയ പാളങ്ങൾക്ക് 260 മീറ്റർ നീളം വരെ വെൽഡിംഗ് ആവശ്യമില്ല. ഇത് ട്രെയിനുകളുടെ സുഗമമായ യാത്രയ്ക്കും ട്രാക്കിന്റെ ഗുണമേൻമയ്ക്കും അനുയോജ്യമാണെന്നാണ് റെയിൽവേ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

കരുവാറ്റ കോരംകുഴിയിൽ പാലത്തിന്റെ ഒരു സ്പാൻ ശേഷിക്കുന്നുണ്ട്. ഇത് നവംബർ പകുതിയോടെ പൂർത്തിയാക്കാനുള്ള നടപടികൾ തുടരുകയാണ്. അടിപ്പാതകളുടെ ഭാഗത്ത് നിലവിലുള്ള റെയിൽവേ പാളത്തിൽ നിന്ന് രണ്ടര മീറ്റർ പൊക്കത്തിലാണ് രണ്ടാം റെയിൽ അടിപ്പാത നിർമ്മിച്ചിട്ടുള്ളത്. രണ്ടാം പാത കമ്മിഷൻ ചെയ്താൽ പഴയ പാതയും ഉയർത്തി രണ്ടര മീറ്റർ പൊക്കത്തിൽ അടിപ്പാത നിർമ്മിക്കും. ഇതോടെ വലിയ വാഹനങ്ങൾക്കും സുഗമമായി അടിപ്പാത വഴി പോകാനാവും. പുതിയ പാത കമ്മിഷൻ ചെയ്ത് അഞ്ച് മാസം കൊണ്ട് പഴയ പാതയുടെ അടിപ്പാത വിപുലീകരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

.............................................

# അമ്പലപ്പുഴ- ഹരിപ്പാട് പാത

 അമ്പലപ്പുഴ- ഹരിപ്പാട് റെയിൽ പാതയുടെ ആകെ ദൈർഘ്യം 18 കിലോമീറ്റർ

 ആകെയുള്ള ആറ് പാലങ്ങളിൽ അഞ്ചെണ്ണവും പൂർത്തിയായി

 അമ്പലപ്പുഴ, തകഴി, കരുവാറ്റ, ഹരിപ്പാട് എന്നിവ സ്റ്റേഷനുകൾ
 എട്ട് ഗേറ്റുകളിൽ അടിപ്പാത നിർമ്മിച്ചു

 മൂന്ന് റെയിൽവേ ഗേറ്റുകളിൽ സമാന്തരപാത പൂർത്തിയായി