കായംകുളം : കായംകുളം നഗരസഭയിൽ ജില്ലാ ആസൂത്രണസമിതി അംഗീകാരം നൽകിയ 2019-20 വാർഷിക പദ്ധതികൾ എൽ.ഡി.എഫ് നഗരഭരണ നേതൃത്വം അട്ടിമറിച്ചതായി യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു.
2018 ആഗസ്റ്റിലെ പ്രളയത്തിൽ തകർന്ന ചാലപ്പള്ളി പാലം പുനർനിർമ്മാണം, സാധാരണക്കാരുടെ വാസയോഗ്യമല്ലാത്ത വീടുകളുടെ അറ്റകുറ്റപ്പണി, പുതിയതായി ലൈൻ വലിക്കൽ തുടങ്ങി വിവിധ പദ്ധതികൾക്കായി രണ്ട് കോടി ഇരുപത്തി ഒൻപത് ലക്ഷത്തിഅറുപതിനായിരം രൂപ ജില്ലാ അസൂത്രണസമിതി അംഗീകാരം നൽകിയിരുന്നതാണ്.
ഇതിൽ നിന്ന് ഒരു കോടി അമ്പത്തിയെട്ട് ലക്ഷം രൂപ നഗരസഭ ഓഫീസ് ആഢംബരമാക്കുന്നതിന് ചെലവഴിച്ചു. ഇത് ധൂർത്താണ്.
75 ലക്ഷം രൂപ ചെലവഴിച്ച് ഓഫീസിന്റെ മുൻഭാഗത്ത് ഗ്ലാസ് വർക്കും പാനലിംഗും നടത്തിയത് രണ്ട് വർഷം മുമ്പാണ്. നഗരസഭ കൗൺസിൽ അറിയാതെയും ജനകീയാസൂത്രണ പദ്ധതി നടത്തിപ്പിനായുള്ള സർക്കാർ നിബന്ധനകൾ നഗ്‌നമായി ലംഘിച്ചുമാണ് രഹസ്യമായി തുക വകമാറ്റിയത്.
സർക്കാരിന്റെ മൂന്നാം വാർഷികത്തിൽ മുഖ്യമന്ത്രി നിർമ്മാണ ഉദ്ഘാടന മാമാങ്കം നടത്തി ആറുമാസം കഴിഞ്ഞിട്ടും മൾട്ടിപ്ലസ് തീയറ്ററിന്റെ ഒരു പ്രാരംഭ നടപടിയും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. നിർമ്മാണം ആരംഭിച്ച് പണി പൂർത്തീകരിക്കാൻ രണ്ട് വർഷം വേണ്ടിവരുന്ന മൾട്ടിപ്ലസ് തീയറ്ററിൻറെ നിർമ്മാണം കഴിഞ്ഞ നാല് വർഷമായി നടത്താൻ കഴിയാതെ കള്ളപ്രസ്താവനകൾ നടത്തി ജനങ്ങളെ അപഹാസ്യരാക്കിയ ചെയർമാൻ 50 ലക്ഷം രൂപയിലധികം അടങ്കൽ തുക വരുന്ന ചാലപ്പള്ളി പാലം അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് ഉടൻ പണിയും എന്നുള്ള പുതിയ പ്രസ്താവന ജനരോഷത്തിൽ നിന്ന് രക്ഷപെടാനുള്ളതാണെന്നും പ്രസ്താവന ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്നും യു.ഡി.എഫ് ആരോപിച്ചു.
ചാലപ്പള്ളി പാലം നിർമ്മാണം ഉൾപ്പെടെയുള്ള സാധാരണ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് അനുവദിച്ച ഒരു കോടി അമ്പത്തിയെട്ട് ലക്ഷം വകമാറ്റി ധൂർത്തടിക്കുന്നതിനും കൗൺസിൽ മിനുട്‌സിൽ വ്യാജ തീരുമാനം എഴുതി ചേർത്ത് അനുമതി വാങ്ങിയ നടപടിക്കെതിരെ വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. പത്രസമ്മേളനത്തിൽ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ.യു.മുഹമ്മദ്, പാർലമെന്ററി പാർട്ടി ഭാരവാഹികളായ എം.എ.കെ ആസാദ്, എ.ഹസൻകോയ, ഗായത്രി തമ്പാൻ, കടയിൽ രാജൻ, നവാസ് മുണ്ടകത്തിൽ, കെ.പി.കൃഷ്ണകുമാരി, ഭാമിനി സൗരഭൻ, സുമയ്യ, ഷീബാ ദാസ് എന്നിവർ പങ്കെടുത്തു.