ആലപ്പുഴ: രാത്രിയിൽ മുലപ്പാൽ കുടിച്ചുകൊണ്ടു കിടന്ന ഒരു വയസുകാരി, പാൽ നെറുകയിൽ കയറി മരിച്ചു. ആലപ്പുഴ തിരുമല കോണിശേരിയിൽ നിഥിൻ-അഞ്ജു ദമ്പതികളുടെ മകൾ നിളയാണ് മരിച്ചത്.ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കുഞ്ഞുമായി അഞ്ജു മുഹമ്മയിലെ സ്വന്തം വീടായ കൊച്ചിച്ചിറയിൽ എത്തിയതായിരുന്നു. രാത്രി കുഞ്ഞിന് പാലുകൊടുത്തുകൊണ്ട് കിടന്ന അഞ്ജു ഉറങ്ങിപ്പോയി. ഇതിനിടെ പാൽ കുഞ്ഞിന്റെ നെറുകയിൽ കയറുകയായിരുന്നുവെന്നാണ് നിഗമനം. രാത്രിയിൽ ഉണർന്ന അഞ്ജു കുഞ്ഞിനെ ശ്രദ്ധിച്ചപ്പോഴാണ് അനക്കമില്ലെന്നു ബോദ്ധ്യമായത്. ഉടൻതന്നെ കാവുങ്കലുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം ആലപ്പുഴ വലിയചുടുകാട്ടിൽ സംസ്‌കരിച്ചു.