ആലപ്പുഴ: കയർ ഭൂവസ്ത്രത്തിന്റെ സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താൻ തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ പറഞ്ഞു. കയർ കേരളയ്ക്ക് മുന്നോടിയായി തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കയർകേരളയ്ക്ക് ശേഷം 90 കോടിയോളം രൂപയുടെ കയർ ഭൂവസ്ത്രം എത്തിച്ചുകൊടുക്കാൻ കയർ കോർപ്പറേഷൻ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് കഴിഞ്ഞതായി സെമിനാർ വിലയിരുത്തി. കയർ കോർപ്പറേഷനാണ് കൂടുതൽ കയർ ഭൂവസ്ത്രം നിർമ്മിച്ച് നൽകുന്നത്. സൊസൈറ്റികൾ വഴി 950 തറികളിലായി 50 ലക്ഷം സ്‌ക്വയർമീറ്റർ ഉത്പാദനശേഷി നിലവിലുണ്ട്. നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. കയർകോർപ്പറേഷൻ ചെയർമാൻ ടി.കെ.ദേവകുമാർ, കയർ പ്രോജക്ട് ഓഫീസർ എസ്.എസ്.ശ്രീകുമാർ, കയർ കോർപ്പറേഷൻ എം.ഡി.ജി.ശ്രീകുമാർ, ആർ.അരുൺചന്ദ്രൻ, ആർ.അശ്വിൻ, ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ കെ.കെ.ഷാജു തുടങ്ങിയവർസംസാരിച്ചു.