അരൂർ: ദേശീയപാതയിലെ കൈയേറ്റങ്ങളും വഴിയോര കച്ചവടങ്ങളും അധികൃതർ ഒഴിപ്പിച്ചു തുടങ്ങി. ഇന്നലെ രാവിലെ പത്ത് മണിയോടെ അരൂർ പള്ളിക്ക് സമീപത്തു നിന്നാണ് പൊളിച്ചുനീക്കൽ നടപടികൾ ആരംഭിച്ചത്. അരൂർ പള്ളി മുതൽ കെൽട്രോൺ കവല വരെയുള്ള കൈയേറ്റമാണ് ഒഴിപ്പിച്ചത്. തുടക്കത്തിൽ തട്ടുകടകൾ പൊളിക്കുന്നതിനെതിരെ കടയുടമകൾ എതിർപ്പുമായി രംഗത്തുവന്നു. ഇത് അധികൃതരും കടയുടമകളും തമ്മിൽ നേരിയ സംഘർഷത്തിന് കാരണമായെങ്കിലും പിന്നീട് ഉടമകൾ സ്വമേധയാ കടകൾ പൊളിച്ചുനീക്കി. ഉടമസ്ഥരില്ലാത്ത വച്ചുകെട്ടുകളും കോൺക്രീറ്റ് പോസ്റ്റുകളും ജെ.സി.ബി.ഉപയോഗിച്ച് പൊളിച്ചുനീക്കി.കടകളുടെ മുന്നിൽ നിർമ്മിച്ച കമാനങ്ങളും ബോർഡുകളും കടയുടമകൾ നീക്കം ചെയ്തു. വൈകിട്ട് ഉണ്ടായ മഴയെ തുടർന്ന് ഒഴിപ്പിക്കൽ നടപടികൾക്ക് തടസം നേരിട്ടു.ദേശീയപാത വിഭാഗം ചേർത്തല ഡിവിഷൻ അസി.എൻജിനിയർ എൻ.എസ്.ജയകുമാർ, ഓവർസിയർമാരായ പി.ജെ.കുര്യാക്കോസ്, എൻ.പി.പ്രിയാമോൾ എന്നിവർ നേതൃത്വം നൽകി. പൊലീസ് സംരക്ഷണത്തിലാണ് അധികൃതർ കൈയേറ്റം ഒഴിപ്പിക്കുന്നത് .