ആലപ്പുഴ: റെയിൽവേയും പൊതുമരാമത്ത് ദേശീയപാത വിഭാഗവും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ആലപ്പുഴ ബൈപ്പാസ് വിഷയത്തിലെ പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗ്ഗീസ് കണ്ണമ്പള്ളി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കേരളത്തിലെ റെയിൽവേയുടെ ചുമതലകൂടിയുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ഇരുവിഭാഗം എൻജിനിയർമാരെ ഒരുമിച്ചിരുത്തി പ്രശ്നം പരിഹരിക്കാവുന്നതേയുള്ളു. മാദ്ധ്യമ,പൊതുജന ഇടപെടൽ കൊണ്ടാണ് ഇപ്പോഴെങ്കിലും വിഷയം ചർച്ചയായത്. കേന്ദ്ര ഗ്രാമവികസന വകുപ്പും സംസ്ഥാന ഗ്രാമവികസന വകുപ്പും തമ്മിലുള്ള പ്രശ്നങ്ങൾ മൂലം പ്രധാനമന്ത്രി ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിന്റെ പകുതി പോലും സംസ്ഥാനത്ത് പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.
സംസ്ഥാനത്ത് പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾ ഡിസംബർ 31ന് മുമ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേത് ജനുവരി 31ന് മുമ്പും പൂർത്തീകരിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം പ്രയോഗികമല്ല. പ്രത്യേക ഹർജി മുഖേന ഹൈക്കോടതിയെ വിഷയം ധരിപ്പിക്കുമെന്നും വർഗ്ഗീസ് കണ്ണമ്പള്ളി പറഞ്ഞു.
വാർത്താസമ്മേളനത്തിൽ മുഹമ്മദ് ഇസ്മയിൽ, നൗഷാദ് അലി, കെ.കെ.ശിവൻ, ആർ.ബൈജു, റോയിസ് ജോൺ കേളംപറമ്പിൽ, സി.ജെ.വർഗീസ്, ഷാഹുൽ ഹമീദ് എന്നിവരും പങ്കെടുത്തു.