am

 രോഗിയെ രക്ഷിച്ചത് കത്തിയമർന്ന ആംബുലൻസിൽ നിന്ന് നഴ്സിംഗ് ടെക്നീഷ്യൻ

ആലപ്പുഴ: അത്യാസന്ന നിലയിലായ രോഗിയെ ചമ്പക്കുളം ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡി. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ 108 ആംബുലൻസിൽ കയറ്റവേ ആംബുലൻസിന് തീപിടിച്ചെങ്കിലും ജീവൻ പണയപ്പെടുത്തി രോഗിയെ രക്ഷിച്ച ടെക്നീഷ്യൻ പുന്നപ്ര കിഴവന തയ്യിൽ എസ്. സൈഫുദ്ദീന് ആരോഗ്യവകുപ്പിൽ സ്ഥിര നിയമനം നൽകാൻ സർക്കാർ തീരുമാനം. കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽ ക്വാളിറ്റി അസിസ്റ്റന്റ് (നഴ്സിംഗ്) എന്ന തസ്തിക സൃഷ്ടിച്ചാണ് സൈഫുദ്ദീനെ നിയമിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

2018 സെപ്തംബർ 5ന് ആയിരുന്നു അപകടം. രോഗിക്ക് ഓക്സിജൻ നൽകുന്നതിനിടെയാണു തീപിടിത്തമുണ്ടായത്. ആംബുലൻസിലെ എമർജൻസി മെഡിക്കൽ ടെക്നീഷ്യനായ സൈഫുദ്ദീൻ ആംബുലൻസിൽ നിന്നു രോഗിയെ സുരക്ഷിതമായി ഇറക്കുകയായിരുന്നു. നിമിഷനേരം കൊണ്ട് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് ആംബുലൻസ് പൂർണമായി കത്തിയമർന്നു. രോഗിയെ മറ്റൊരു വാഹനത്തിൽ കയറ്റി മെഡി. ആശുപത്രിയിലേക്ക് അയച്ചെങ്കിലും സൈഫുദ്ദീന് കൈകാലുകൾക്കും മുഖത്തും ഗുരുതര പൊള്ളലേറ്റിരുന്നു. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സൈഫുദ്ദീനെ ആരോഗ്യ വകുപ്പ് മന്ത്രി ആശുപത്രിയിലെത്തി കാണുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. 26 ദിവസത്തിലധികം ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. അതിനുശേഷം കോട്ടയം മെഡി. ആശുപത്രിയിലും ചികിത്സ തേടി.

ബിഎസ് സി നഴ്സിംഗ് ബിരുദധാരിയായ തനിക്ക് നഴ്സിംഗ് തസ്തികയിൽ സ്ഥിരനിയമനം നൽകണമെന്ന് അഭ്യർത്ഥിച്ച് സൈഫുദ്ദീൻ സർക്കാരിന് നിവേദനം നൽകിയിരുന്നു. ഇക്കാര്യം സർക്കാർ മെഡിക്കൽ സർവീസസ് കോർപറേഷനെ അറിയിച്ചു. കേർപറേഷൻ ഡയറക്ടർ ബോർഡ് യോഗം പുതിയ തസ്തിക സൃഷ്ടിച്ച് നിയമിക്കുന്ന കാര്യം പരിഗണിക്കാൻ സർക്കാരിലേക്ക് ശുപാർശ നൽകി. തുടർന്നാണ് ഉത്തരവിറങ്ങിയത്. മന്ത്രി കെ.കെ. ശൈലജയാണ് സൈഫുദ്ദീനെ ഫോണിൽ വിളിച്ച് നിയമന വിവരം അറിയിച്ചത്.

ഫാത്തിമയാണ് ഭാര്യ. യു.കെ.ജി.യിലും അംഗൻവാടിയിലും പഠിക്കുന്ന സഹലുദ്ദീനും സൽമാനുമാണ് മക്കൾ.

.........................

'കുടുംബത്തിന്റെ ഭാരം മുഴുവൻ എന്റെ ചുമലിലായിരുന്നു. അച്ഛൻ നേരത്തെ മരിച്ചു. അമ്മ ഒരുപാട് കഷ്ടപ്പെട്ടാണ് എന്നെ വളർത്തിയത്. വാടകവീട്ടിലാണ് താമസം. ഈ ജോലി വലിയൊരു അനുഗ്രഹമാകും'

(സൈഫുദ്ദീൻ)