കടലിന് അപരിചിത സ്വഭാവമെന്ന് തീരദേശ വാസികൾ
ആലപ്പുഴ: കലിതുള്ളിപ്പെയ്യുന്ന മഴയും രൂക്ഷമായ കടലാക്രമണവും വൈദ്യുതി തടസങ്ങളും മൂലം ജില്ലയിൽ ജനജീവിതം താറുമാറായി. പ്രധാന റോഡുകളെല്ലാം വെള്ളത്തിലാണ്. ദേശീയപാതയിലുൾപ്പെടെ കുഴികൾ രൂപപ്പെട്ടു. വെള്ളക്കെട്ടുമൂലം ഒട്ടുമിക്ക സ്കൂളുകളിലും നിരന്തരം അദ്ധ്യയനം തടസപ്പെടുന്നു. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുന്നപ്ര, നീർക്കുന്നം, പുറക്കാട്, അന്ധകാരനഴി, ഒറ്രമശേരി, ചേർത്തല, ചെത്തി,കാട്ടൂർ, പള്ളിത്തോട്, ചാപ്പക്കടവ്, അഴീക്കൽ എന്നിവിടങ്ങളിലാണ് കടൽക്ഷോഭം ശക്തമായത്.
ന്യൂനമർദ്ദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി രൂപപ്പെട്ടതിനെത്തുടർന്ന് ഇന്നലെ മുതൽ തീരദേശത്ത് ഫിഷറീസ് വകുപ്പും ജില്ലാ ഭരണകൂടവും ജാഗ്രതാനിർദ്ദേശം നൽകിയിരുന്നു. 82 കിലോമീറ്റർ ദൈർഘ്യമുള്ള കടലോരത്ത് ശക്തമായ തിരമാലകളാണ് അനുഭവപ്പെടുന്നത്. കടലിന്റെ അടിത്തട്ടിളകി ചെളിയോടുകൂടിയുള്ള തിരമാലയാണ് ആഞ്ഞടിക്കുന്നത്. നിരവധി സ്ഥലങ്ങളിൽ കടൽ കരയിലേക്കു കയറി. വേലിയേറ്റ സമയങ്ങളിൽ തിരമാലകൾക്ക് കരുത്തു കൂടുന്നതായി തീരദേശവാസികൾ പറയുന്നു. മത്സ്യത്തൊഴിലാളികൾ നാളെ വരെ കടലിൽ പോകുന്നത് അധികൃതർ നിർദ്ദേശം നൽകി.
അന്ധകാരനഴിയിലും അമ്പലപ്പുഴ തീരദേശത്തും നൂറുകണക്കിന് വീടുകളിൽ കടൽവെള്ളം കയറി. കടൽഭിത്തിയില്ലാത്ത പ്രദേശങ്ങളിലാണ് ഏറെ നാശമുണ്ടാകുന്നത്. പട്ടണക്കാട് വില്ലേജിലെ അഴീക്കൽ സെന്റ് ആന്റണി ചർച്ച് ഹാളിൽ ക്യാമ്പ് തുടങ്ങി. 54 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഇതുവരെ പരിചിതമല്ലാത്ത പ്രതിഭാസമാണ് കടലിൽ കാണുന്നതെന്ന് തീരദേശവാസികൾ പറയുന്നു. കടൽ പ്രക്ഷുബ്ദ്ധമായതിനെത്തുടർന്ന് ഒരു മാസത്തോളമായി മത്സ്യത്തൊഴിലാളികൾ കടലിൽ പോയിട്ട്. കാലാവസ്ഥയിലുണ്ടായ മാറ്റം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് മത്സ്യത്തൊഴിലാളികളെയാണ്.
നെൽകൃഷി വെള്ളത്തിൽ
കുട്ടനാട്ടിൽ വിളവെടുക്കാറായ 8000 ഹെക്ടർ നെൽകൃഷി വെള്ളത്തിലായി. 80 ശതമാനം പാടശേഖരങ്ങളിലും വിളവെടുക്കാറായ നെല്ല് വീണ് കിടക്കുന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. കാലാവസ്ഥ വ്യതിയാനത്തിലും പിടിച്ചുനിൽക്കാറുള്ള ഉമ വിത്തുകൾ ഇത്തവണ വിപരീത സ്വഭാവമാണ് കാട്ടുന്നതെന്ന് കർഷകർ പറയുന്നു. മഴ ശക്തമാകുന്നതിന് മുമ്പുതന്നെ വിളവെടുപ്പ് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കർഷകരും കൃഷിവകുപ്പും. എന്നാൽ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് വിളവെടുപ്പിനെ ബാധിച്ചു കഴിഞ്ഞു. വെള്ളം വറ്റിക്കാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
.........................
കൈനകരിയിൽ വെള്ളപ്പൊക്കം
പ്രളയത്തിൽ നിന്ന് ഒരുവിധം കരകയറി വരുന്ന കൈനകരി പഞ്ചായത്തിലെ മിൽത്തുരുത്ത്, കായലിൽ പറമ്പ് തുരുത്ത് എന്നിവിടങ്ങൾ പൂർണമായും വെള്ളത്തിലായി. മിൽ തുരുത്തിൽ 36 കുടുംബങ്ങളും കായലിൽ പറമ്പ് തുരുത്തിൽ 28 കുടുംബങ്ങളുമാണ് ദുരത്തിലായത്.
......................................
# സൂക്ഷിച്ചാൽ ദ:ഖം വേണ്ട
വൈദ്യുതി പോസ്റ്റുകളും പരസ്യ ബോർഡുകളും കടപുഴകി വീഴാൻ സാദ്ധ്യത
ഇവയ്ക്ക് താഴെ വാഹനങ്ങൾ പാർക്ക് ചെയ്യരുത്
വൈദ്യുതി കമ്പികൾ പൊട്ടിവീഴാൻ സാദ്ധ്യതയുള്ളതിനാൽ വെള്ളക്കെട്ടിൽ സൂക്ഷിക്കുക
വഴിയിലും മറ്റുമുള്ള വെള്ളക്കെട്ടുകളിൽ ഇലക്ട്രിക് ഷോക്ക് ഇല്ലെന്ന് ഉറപ്പ് വരുത്തുക
അതിരാവിലെ ജോലിക്ക് പോകുന്നവരും വിദ്യാർത്ഥികളും പ്രത്യേകം ശ്രദ്ധിക്കുക
അടിയന്തിര സഹായത്തിന് കെ.എസ്.ഇ.ബി കൺട്രോൾ റൂം നമ്പർ: 1912