 നിലപാടിലുറച്ച് ഇരു വിഭാഗവും

ആലപ്പുഴ: സുപ്രീംകോടതി വിധിയെത്തുടർന്ന് ഓർത്തഡോക്സ് വിഭാഗത്തിന്റെ നിയന്ത്രണത്തിലായ കട്ടച്ചിറ പള്ളിയിൽ യാക്കോബായ വിഭാഗത്തിൽപ്പെട്ട വൃദ്ധയുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം അഞ്ചു ദിവസം പിന്നിടുന്നു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്കരിക്കാൻ ഇരുസഭകളുടെ വൈദികരും വൃദ്ധയുടെ കുടുംബാഗങ്ങളുമായി ഇന്നലെ കളക്ടർ നടത്തിയ അനുരഞ്ജന ചർച്ചയും വിഫലമായി.

കട്ടച്ചിറ കിഴക്കേവീട്ടിൽ (മഞ്ഞാണിത്തറ) മറിയാമ്മ രാജൻ (92) ആണ് കഴിഞ്ഞ തിങ്കളാഴ്ച മരിച്ചത്. ആചാരത്തെ ചൊല്ലി വൈദികർ തമ്മിലുള്ള തർക്കമാണ് സംസ്കാരം വൈകാൻ കാരണം. കഴിഞ്ഞ ദിവസം എ.ഡി.എം ഇരുവിഭാഗത്തിലെയും കുടുംബാംഗങ്ങളെ ഒറ്റയ്ക്കും കൂട്ടായും വിളിച്ച് അഭിപ്രായം ആരാഞ്ഞിരുന്നു. എന്നാൽ ഇരുകൂട്ടരും വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ്.

മൃതദേഹം മതാചാരപ്രകാരം കുടുംബകല്ലറയിൽ സംസ്കരിക്കണമെന്ന് മറിയാമ്മയുടെ മക്കളായ കെ.ആർ.മാത്യൂസും കെ.ആർ.കോശിയും കുടുംബാംഗം കെ.ബി.ജോർജും കളക്ടറോട് ആവശ്യപ്പെട്ടു. എന്നാൽ വീട്ടിൽ വച്ച് അന്ത്യശുശ്രുഷ നടത്തിയ ശേഷം മൃതദേഹം പെട്ടി മൂടാതെ പള്ളിയിൽ എത്തിക്കണമെന്ന് ഓർത്തഡോക്സ് വൈദികൻ യോഗത്തിൽ പറഞ്ഞു. പള്ളിയിൽ നടത്തേണ്ട ചടങ്ങ് വീട്ടിൽ വച്ച് നടത്തിയശേഷം പെട്ടി മൂടാതെ കൊണ്ടുപോകുന്നത് പരമ്പരാഗതമായ ആചാരങ്ങളുടെ ലംഘനമാണെന്ന് യാക്കോബായ വിഭാഗം യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇതോടെയാണ് ചർച്ച വഴിമുട്ടിയത്.

സുപ്രീംകോടതി വിധി നിലനിൽക്കുന്നതിനാൽ തുടർ നടപടികൾക്കായി കളക്ടർ നിയമോപദേശം തേടിയിട്ടുണ്ട്. ഒരുമാസം മുമ്പാണ് പള്ളി ഓർത്തഡോക്സ് വിഭാഗത്തിന്റെ കൈവശമായത്. ഇരുവിഭാഗവും തമ്മിൽ സംഘർഷം നിലനിൽക്കുന്നതിനാൽ പൊലീസ് കാവലിലാണ് ഇപ്പോഴും പള്ളി.

 ആചാരപ്രകാരം സംസ്കാരം നടത്താം: ഒാർത്തഡോക്സ് സഭ

പരമ്പരാഗതമായ ആചാരപ്രകാരം സംസ്കാരം നടത്തുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് ഓർത്തഡോക്സ് വിഭാഗം പള്ളി വികാരി ഫാ. ജോൺസ് ഈപ്പൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്കാരത്തെ എതിർക്കുന്നു എന്നു വരുത്തിത്തീർത്ത് സഭയെ ആക്ഷേപിക്കാൻ ചിലകേന്ദ്രങ്ങൾ ബോധപൂർവമായ ശ്രമം നടത്തുന്നു. എ.ഡി.എമ്മിന്റെ സാന്നിദ്ധ്യത്തിൽ മറിയാമ്മ രാജന്റെ കുടുംബാംഗങ്ങളുമായി നടത്തിയ ചർച്ചയിൽ ആചാരപ്രകാരമുള്ള സംസ്കാരത്തിന് മക്കൾ സമ്മതിച്ചിരുന്നു. പിന്നീട് ബാഹ്യമായ ഇടപെടൽ മൂലമാണ് തീരുമാനത്തിൽ നിന്ന് പിൻമാറിയത്. കുടുംബാംഗങ്ങൾ പള്ളിയിൽ പ്രവേശിക്കുന്നതിന് എതിരല്ല. നിരോധാജ്ഞ നിലവിലുണ്ടെങ്കിലും ആ വിഭാഗത്തിലെ വൈദികൻ ആവശ്യപ്പെട്ടാൽ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിന് എതിർപ്പില്ല. മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിക്കുന്ന രീതി പള്ളി സെമിത്തേരിയിൽ അനുവദിക്കാൻ കഴിയില്ലെന്നും ഫാ. ജോൺസ് ഈപ്പൻ പറഞ്ഞു.

 സർക്കാർ ഇടപെടണം: യാക്കോബായ സഭ

മൃതദേഹം യാക്കോബായ സഭ ആചാരപ്രകാരമുള്ള ചടങ്ങുകളോടെ കട്ടച്ചിറ പള്ളി കുടുംബകല്ലറയിൽ നടത്താൻ സർക്കാർ ഇടപെടണമെന്ന് യാക്കോബായ വിഭാഗം വൈദികൻ ഫാ. റോയി ജോർജ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സുപ്രീംകോടതി അംഗീകരിച്ച കട്ടച്ചിറ ഇടവക അംഗത്വ രജിസ്റ്ററിലുള്ള കുടുംബാംഗമാണ് മറിയാമ്മ. നിലവിലെ പള്ളി അധികാരികൾ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം. കട്ടച്ചിറയിൽ 8 കുടുംബങ്ങൾ മാത്രമേ ഓർത്തഡോക്സ് വിഭാഗത്തിലുള്ളൂ. 128 കുടുംബങ്ങളുള്ള യാക്കോബായ സഭയിലെ അംഗങ്ങളെ ഓർത്തഡോക്സ് സഭയിൽ അംഗങ്ങളാക്കാനുള്ള വിലകുറഞ്ഞ തന്ത്രമാണ് അധികൃതർ സ്വീകരിക്കുന്നത്. മൃതദേഹം വച്ച് വിലപേശുന്ന ഓർത്തഡോക്സ് സഭയുടെ നിലപാടിനെതിരെ സർക്കാരിനെ സമീപിക്കുമെന്നും ഫാ.റോയി ജോർജ് പറഞ്ഞു.