ആലപ്പുഴ : കാറ്റിലും മഴയിലും പെട്ട് ഒഴുകിപ്പോയ ബോട്ട് പിടിച്ചുകെട്ടാനുള്ള ശ്രമത്തിനിടെ ആറ്റിൽ വീണ ജലഗതാഗത വകുപ്പ് ജീവനക്കാരനെ ഫയർഫോഴ്സെത്തി സാഹസികമായി രക്ഷപ്പെടുത്തി. ജലഗതാഗത വകുപ്പിന്റെ ആലപ്പുഴയിലെ ബോട്ട് നിർമ്മാണ ശാല ജീവനക്കാരൻ മാവേലിക്കര സ്വദേശി സേതുകൃഷ്ണനാണ് (42) മരണത്തെ മുഖാമുഖം കണ്ട് രക്ഷപ്പെട്ടത്.

ഇന്നലെ പുലർച്ച 5.30 നായിരുന്നു സംഭവം. നൈറ്റ് വാച്ചുമാൻമാരായ സേതുകൃഷ്ണനും ഹെൻട്രി ജോർജും ദിവസേനയുള്ള ചെക്കിംഗിന്റെ ഭാഗമായി ഡോക്ക് യാർഡിൽ ഒരു ബോട്ടിൽ പരിശോധന നടത്താനിറങ്ങിയതായിരുന്നു. അപ്പോഴാണ് നിർമ്മാണം പൂർത്തിയാകാറായ പുതിയ ഒരു ബോട്ട് ശക്തമായ കാറ്റിലും മഴയിലും ആടി ഉലഞ്ഞ് കെട്ടഴിഞ്ഞ് ആറ്റിലേക്ക് ഒഴുകി നീങ്ങുന്നത് ഇവർ കണ്ടത്. ഉടൻ തന്നെ സേതുകൃഷ്ണൻ ആ ബോട്ടിൽ ചാടിക്കയറി മുളകൊണ്ട് ഊന്നി കരക്കടുപ്പിച്ചു. ബോട്ടിന്റെ പിൻഭാഗം കയർ ഉപയോഗിച്ച് കരയിൽ കെട്ടിയ ശേഷം മുൻഭാഗത്തെ കയർ കെട്ടാനുള്ള ശ്രമത്തിനിടെ സേതുകൃഷ്ണൻ ബോട്ടിന് പുറത്തുള്ള പലകയിൽ നിന്നും കാൽ വഴുതി ആറ്റിലേക്ക് വീണു. രണ്ട് ബോട്ടുകൾക്കിടയിലൂടെ ആഴംകൂടിയ ഭാഗത്ത് വീണ സേതുകൃഷ്ണൻ കുടുങ്ങിപ്പോയി. ഒപ്പം ഉണ്ടായിരുന്ന ഹെൻട്രി ഓടി എത്തി സേതുവിന്റെ കൈയിൽ പിടിച്ചു.
ബോട്ട് യാർഡിൽ മറ്റാരുമില്ലായിരുന്നു. ഇവർ രണ്ട് പേരും ഉച്ചത്തിൽ നിലവിളിച്ചിട്ടും മഴയുടെ ശബ്ദത്തിൽ ആരും കേട്ടില്ല. ഹെൻട്രിയ്ക്ക് ഒറ്റയ്ക്ക് സേതുവിനെ ബോട്ടിലേയ്ക്ക് വലിച്ച് കയറ്റാനായില്ല. പലതവണ കൈവഴുതിപ്പോയി. അരമണിക്കൂറോളം ആ ശ്രമം തുടർന്നപ്പോൾ ഇരുവരും തളർന്നിരുന്നു. മഴ ലേശം തോർന്നപ്പോൾ മറുകരയിലെ പോഞ്ഞിക്കര റോഡിലൂടെ പോയ ഒരു ലോട്ടറി കച്ചവടക്കാരൻ ഇവരുടെ വിളി കേൾക്കുകയും തൊട്ടടുത്തുള്ള ഫയർസ്റ്റേഷനിൽ വിവരം അറിയിക്കുകയുമായിരുന്നു. ഉടൻ തന്നെ ഫയർ സർവീസ് സ്‌കൂബാ ടീം ബോട്ടിൽ ആറ്റിലൂടെയും മറ്റൊരു റെസ്‌ക്യു ടീം ബോട്ട് യാർഡിനുള്ളിലൂടെയും സ്ഥലത്തെത്തി. സ്‌കൂബാ ഡൈവേഴ്സായ വി.ആർ.ബിജു, സനീഷ് കുമാർ എന്നിവർ സേതു കൃഷ്ണനെ രക്ഷിച്ച് കരയ്ക്കെത്തിച്ചു.

അസി. സ്റ്റേഷൻ ഓഫീസർ വാലന്റയിൽ, ലീഡിംഗ് ഫയർമാൻ ജയസിംഹൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർമാൻമാരായ രഞ്ജിത്ത്, ഷൈജു, വിഷ്ണു, ജയകുമാർ, സുഭാഷ് ,ഡ്രൈവർമാരായ സുനി മോൻ, രഞ്ജിത്ത് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.