ആലപ്പുഴ: ജില്ലയോടുള്ള എൽ.ഡി.എഫ് സർക്കാരിന്റെ അവഗണനക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ യു.ഡി.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ബൈപാസിൽ സാങ്കേതിക പ്രശ്നം പരിഹരിക്കാൻ കാണിക്കുന്ന ഒളിച്ചുകളി കാരണം നിർമ്മാണം സ്തംഭിച്ചിരിക്കുകയാണ്. തോട്ടപ്പള്ളി സ്പിൽവേ ആഴംകൂട്ടി നവീകരിക്കാനുള്ള പ്രവർത്തനം എവിടെയും എത്തിയില്ല. ജില്ലയെ കോട്ടയവുമായി ബന്ധിപ്പിക്കുന്ന അരൂരിലെ നേരേകടവ് പാലം നിർമ്മാണവും ഉപേക്ഷിക്കപ്പെട്ടനിലയിലാണ്. മത്സ്യമേഖലയും കയർമേഖലയും സ്തംഭിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലം നഷ്ടത്തിലായ കുട്ടനാട്ടിലെ കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ ചെയർമാൻ എം മുരളി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് എം ലിജു, എ.എ.ഷുക്കൂർ, വി.ടി.ജോസഫ്. അഡ്വ. ബി രാജശേഖരൻ, എ.എം.നസീർ, ഡി.സുഗതൻ, വിസി ഫ്രാൻസിസ്, ജോർജ് തത്തംപള്ളി, ബേബി പാറക്കാടൻ, ബി ബൈജു, എ.നിസാർ എന്നിവർ സംസാരിച്ചു.