ആലപ്പുഴ : ഇ.എം.എസ് സ്റ്റേഡിയം നിർമ്മാണത്തിൽ നഗരസഭയുടെ അനാസ്ഥക്കെതിരെ പ്രതിഷേധവുമായി ജില്ലാ സ്പോർട്സ് കൗൺസിൽ . ആലപ്പുഴ നഗരസഭ അധികാരികൾ സർക്കാരുമായി ധാരണാപത്രം ഒപ്പിടാതെ സ്റ്റേഡിയം നിർമ്മാണത്തിൽ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. സംസ്ഥാനത്തെ മറ്റ് നഗരസഭകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒപ്പിട്ട ധാരണാപത്രത്തിലാണ് ആലപ്പുഴ നഗരസഭ അധികൃതർ ഒപ്പിടാൻ വിസമ്മതിച്ചത്. ഇത് ജില്ലയിലെ കായിക താരങ്ങളുടെ വളർച്ചയെ മുരടിപ്പിക്കുന്നതും കായിക രംഗത്തെ തളർത്തുന്നതുമായ നടപടിയാണെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മറ്റി വിലയിരുത്തി. കായിക രംഗത്തോട് കാണിക്കുന്ന അനാസ്ഥക്കെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി 12 ന് കൺവെൻഷൻ ചേരാനും തീരുമാനിച്ചു.. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു,എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ടി.ജയമോഹൻ,ടി.കെ.അനിൽ,അഡ്വ.കുര്യൻ ജെയിംസ്,ജിതശ്രീ എന്നിവർ സംസാരിച്ചു.