ആലപ്പുഴ: പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഒൻപതാം മത്സരം നാളെ പുളിങ്കുന്നിൽ നടക്കും. ലീഗിന്റെ എട്ട് മത്സരങ്ങൾ പിന്നിടുമ്പോൾ നടുഭാഗം ചുണ്ടൻ (ട്രോപ്പിക്കൽ ടൈറ്റൻസ്) 113 പോയിന്റുകളുമായി ഒന്നാം സ്ഥാനത്താണ്. പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ(റേജിംഗ് റോവേഴ്സ്) 55 പോയിന്റുമായി രണ്ടാം സ്ഥാനത്തും എൻ.സി.ഡി.സി കുമരകം തുഴഞ്ഞ ദേവസ് ചുണ്ടൻ (മൈറ്റി ഓർസ്) 52 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്.
ചമ്പക്കുളം ചുണ്ടൻ(കോസ്റ്റ് ഡോമിനേറ്റേഴ്സ്) 49 പോയിന്റുമായി നാലാം സ്ഥാനത്തും 40 പോയിന്റുമായി ഗബ്രിയേൽ (ബാക്ക് വാട്ടർ നൈറ്റ്സ്) അഞ്ചാം സ്ഥാനത്തുമാണ്. 38 പോയിന്റുമായി വീയപുരം (പ്രൈഡ് ചേസേഴ്സ്) ആറാം സ്ഥാനത്തും.
പായിപ്പാടൻ (ബാക്ക് വാട്ടർ വാരിയേഴ്സ്) 23 പോയിന്റുമായി ഏഴാം സ്ഥാനത്തും, മഹാദേവികാട് കാട്ടിൽ തെക്കേതിൽ (തണ്ടർ ഓർസ്) 22 പോയിന്റുമായി എട്ടാം സ്ഥാനത്തും തുടരുന്നു. സെന്റ് ജോർജ് (ബാക്ക് വാട്ടർ നിൻജ )15 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.
കായംകുളം (നവംബർ 9), കല്ലട (16), പ്രസിഡന്റ്സ് ട്രോഫി വള്ളം കളി ( 23) എന്നിങ്ങനെയാണ് ശേഷിക്കുന്ന മത്സരങ്ങൾ.

പന്ത്രണ്ട് മത്സരങ്ങളിലെ ആകെ പോയിന്റ് നിലയിൽ ഒന്നാമതെത്തുന്ന ടീമിന് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും.