തുറവൂർ: ഉത്സവത്തിനിടെ ആനപാപ്പാൻമാരെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പിടിയിലായ മൂന്ന് യുവാക്കളെ ചേർത്തല കോടതി റിമാൻഡ് ചെയ്തു. തൈക്കൽ ഒരാഞ്ചുപറമ്പിൽ വിഷ്ണു (20), തൈക്കൽ നികർത്തിൽ ടോണി (26), തൈക്കൽ നിവർത്തിൽ അനന്തു (22) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. 26 ന് രാത്രി ഒൻപതരയോടെ തുറവൂർ മഹാക്ഷേത്രത്തിലാണ് സംഭവം. ദീപാവലി വലിയ വിളക്ക് ഉത്സവത്തിന്റെ എഴുന്നള്ളത്ത് കഴിഞ്ഞ് ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് ആനയെ തളച്ചശേഷം വിശ്രമമുറിയിൽ എത്തിയ പാപ്പാന്മാരായ തൃശൂർ സ്വദേശി നെബു (28), ചേർത്തല സ്വദേശി ശരത്ത് (36) എന്നിവരെയാണ് യുവാക്കൾ സംഘം ചേർന്ന് ആക്രമിച്ചത്. ആക്രമണത്തിൽ നെബുവിന്റെ മുതുകിൽ മൂന്ന് കുത്തേറ്റു.ശരത്തിനെ തലയ്ക്ക് അടിച്ചു പരിക്കേൽപ്പിച്ചു. സംഭവത്തിനു ശേഷം യുവാക്കൾ ഒളിവിൽപ്പോയിരുന്നു. സമീപത്തെ കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന സി.സി ടിവിയിലെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അക്രമികളെ കുത്തിയതോട് പൊലീസ് പിടികുടിയത്. പിടിയിലായ വിഷ്ണുവിന്റെ പേരിൽ പട്ടണക്കാട് സ്റ്റേഷനിൽ നാലും അനന്തുവിന്റെ പേരിൽ ചേർത്തല സ്റ്റേഷനിൽ ഒരു കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.