ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ വീണ്ടും പൊട്ടൽ
നാട്ടുകാർ പ്രതിഷേധത്തിൽ
അമ്പലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതി പൈപ്പ്ലൈനിൽ പതിവായിരിക്കുന്ന പൊട്ടൽ വിജയകരമായി തുടരുന്നു. തകഴി ലെവൽ ക്രോസിന് സമീപം ബുധനാഴ്ച പൈപ്പ് പൊട്ടിയതോടെ 18 സ്ഥലങ്ങളിലായി 45 ഓളം പൊട്ടലുകളാണ് 2008ൽ ആരംഭിച്ച വിതരണം ശൃംഖലയിൽ ഇതുവരെ ഉണ്ടായിരിക്കുന്നത്. പമ്പിംഗ് നിറുത്തിവച്ചതോടെ ആലപ്പുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളം നിലച്ചതിനാൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.
ബുധനാഴ്ച രാത്രി 7.30 ഓടെ ആണ് ചോർച്ച ഉണ്ടായത്. ഈ ഭാഗത്തെ റോഡ് തകരുകയും സമീപത്തെ കടകളിലേക്ക് വെള്ളം ഇരച്ചു കയറുകയും ചെയ്തു. പ്രദേശവാസികൾ ചുമതലക്കാരായ യുഡിസ് മാറ്റ് ഉദ്യോഗസ്ഥരെ വിവരം അറിയച്ചതിനെ തുടർന്ന് പമ്പിംഗ് നിറുത്തിവച്ചു. തകഴി കന്നാ മുക്കിലും കേളമംഗലത്തും ഉണ്ടായ പൈപ്പ് പൊട്ടൽ പരിഹരിച്ചിട്ട് ദിവസങ്ങൾ മാത്രമെ ആയിട്ടുള്ളു. നേരത്തെ പൈപ്പ് പൊട്ടിയ ഭാഗങ്ങളിൽ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ടാറിംഗ് പുരോഗമിക്കവേയാണ് വീണ്ടും റോഡ് കുളമാക്കി പൈപ്പ് പൊട്ടിയത്.
...................................
# പൊട്ടാനൊരു പദ്ധതി
ഒരു പൊട്ടൽ പരിഹരിക്കാൻ 5-6 ലക്ഷം രൂപ ചെലവ്
റോഡിന്റെ തകർച്ച പരിഹരിക്കാൻ ഇതുവരെ ചെലവായത് ഒന്നര കോടി
കരുമാടി- പച്ച ഭാഗങ്ങളിൽ നിലവാരം കുറഞ്ഞ പൈപ്പെന്ന് ആക്ഷേപം
തകഴി ലെവൽ ക്രോസിന് സമീപം, തകഴി ജംഗ്ഷൻ, കന്നാമുക്ക്, കേളമംഗലം എന്നിവിടങ്ങളിൽ അടിക്കടി പൊട്ടൽ
പൈപ്പ് പൊട്ടിയാൽ മാസങ്ങളോളം ഗതാഗതക്കുരുക്ക്
അപ്രതീക്ഷിതമായ പൈപ്പ്പൊട്ടൽ അപകടങ്ങൾക്കും വഴിയൊരുക്കാം
...........................................
# തൊണ്ടവരണ്ട് നാട്ടുകാർ
കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട ഗതികേടിലാണ് ആലപ്പുഴ നഗരവാസികളും പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം എന്നീ പഞ്ചായത്തുകളിൽ ഉള്ളവരും. 220 കോടി രൂപയായിരുന്നു പദ്ധതി അടങ്കൽ. കടപ്ര അച്ചൻകോവിലാറിൽ നിന്നു വെള്ളം ശേഖരിച്ച് കരുമാടി ട്രീറ്റ്മെന്റ് പ്ലാന്റിലെത്തിച്ചാണ് ശുദ്ധീകരിക്കുന്നത്. 620 ലക്ഷം ലിറ്ററാണ് പ്ലാന്റിന്റെ പ്രതിദിന ശുദ്ധീകരണ ശേഷി. 8 ലക്ഷം പേർക്ക് വെള്ളം ലഭ്യമാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.